കാഞ്ഞിരപ്പള്ളി: കോട്ടയം-കുമളി ദേശീയപാതയിൽ കുന്നുംഭാഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ ഫുഡ് ചെയിൻ റെസ്റ്റോറന്റായ കെ.എഫ്.സി (KFC)-യിൽ വൻ തീപിടിത്തം. ഇന്ന് (10.06.26) പുലർച്ചെ 02.15-ഓടെയാണ് സംഭവം. റെസ്റ്റോറന്റിന്റെ രണ്ടാം നിലയിൽ നിന്നാണ് തീ പടർന്നത്. അപകടത്തിൽ കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

രാത്രിയിലെ കച്ചവടം കഴിഞ്ഞ് മൂന്ന് ജീവനക്കാർ ചേർന്ന് സ്ഥാപനം വൃത്തിയാക്കിക്കൊണ്ടിരുന്ന സമയത്താണ് പെട്ടെന്ന് തീ പടർന്നുപിടിച്ചത്. ജീവനക്കാർ ഉടൻ തന്നെ പുറത്തേക്ക് ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി. ആർക്കും പരിക്കുകളില്ല. വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്‌സും ഉടനടി സ്ഥലത്തെത്തി ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം നടത്തി.

മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *