നടൻ സലിംകുമാറിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്‍കരിച്ചു. സലിംകുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഇല്ലാതെയാണു സംസ്‌കാര ചടങ്ങുകൾ നടന്നത്. അസ്ഥി പുഴയിൽ ഒഴുക്കുന്നത് ഉൾപ്പെടെ ചടങ്ങുകൾ വേണ്ടെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു. കോൺഗ്രസ് പതാക പുതപ്പിച്ച ശേഷം സലിംകുമാറിന്റെ മൃതദേഹം ചിതയിലേക്കെടുക്കുകയായിരുന്നു. മക്കളായ ചന്തുവും ആരോമലും ചേർന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്. മുഖ്യമന്ത്രി വി.ഡി. സതീശനും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.

പറവൂർ ടൗൺഹാളിലെ പൊതുദർശനത്തിനു ശേഷം വീടായ ‘ലാഫിങ് വില്ല’യിൽ മൃതദേഹം എത്തിച്ചപ്പോഴും ഒരു നോക്ക് കാണാനായി നിരവധി പേരാണ് എത്തിയത്. ഇന്നലെ രാത്രി 10.43നായിരുന്നു സലിംകുമാർ അന്തരിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായി. തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു.


