കാഞ്ഞിരപ്പള്ളി: അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണാഭരണങ്ങളും പണവും കവർന്ന കേസിൽ മൂന്നംഗ മോഷണസംഘത്തെ കാഞ്ഞിരപ്പള്ളി പോലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി വില്ലേജിൽ കൊടുവന്താനം ഭാഗത്ത് കോട്ടേപറമ്പിൽ വീട്ടിൽ അജിത്ത് അനിൽ (19), ഒപ്പമുണ്ടായിരുന്ന രണ്ട് പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ മെയ് 24-ന് പുലർച്ചെ 12 മണിയോടെ ആനക്കൽ – പൊടിമറ്റം റോഡിലുള്ള ആന്റണി ജോസഫിന്റെ വീട്ടിലായിരുന്നു മോഷണം നടന്നത്. വീട്ടുകാർ ബാംഗ്ലൂരിലുള്ള ബന്ധുവിന്റെ വീട്ടിൽ പോയിരുന്നതിനാൽ വീട് അടച്ചിട്ടിരിക്കുകയായിരുന്നു. ഈ സമയം മനസ്സിലാക്കി കാറിലെത്തിയ പ്രതികൾ, പർദ്ദയും മുഖംമൂടിയും ധരിച്ച് മുൻവാതിൽ കുത്തിപ്പൊളിച്ച് അകത്തുകയറുകയായിരുന്നു.

വീട്ടിൽ സൂക്ഷിച്ചിരുന്ന എഴുപതിനായിരത്തോളം രൂപയും മൂന്ന് പവന ഓളം സ്വർണ്ണവുമാണ് സംഘം കവർന്നത്.വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തുടർന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം പ്രദേശത്തെ സിസിടിവി ക്യാമറകളും ഫോൺ രേഖകളും പരിശോധിക്കുകയും, മുൻപ് സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ നിരീക്ഷിക്കുകയും ചെയ്തു. ഒരാഴ്ചയായി തുടർന്ന ഊർജ്ജിത അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്.കോട്ടയം ജില്ലാ പോലീസ് മേധാവി എ. ഷാഹുൽഹമീദ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി വിശാൽ ജോൺസന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.

കാഞ്ഞിരപ്പള്ളി ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്.ഐമാരായ ഗോകുൽ, ഷിജു, ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ ജോബി, ഷമീർ, വിമൽ, അരുൺ ബേബി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *