മനുഷ്യ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ മൂന്നു വര്‍ഷങ്ങളിലൊന്നായിരുന്നു 2025. വേള്‍ഡ് വെതര്‍ ആട്രിബ്യൂഷന്‍ ഗവേഷകർ പുറത്തു വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.ആഗോള ശരാശരി താപനില തുടര്‍ച്ചയായി ഉയരുകയാണെന്നും പഠനം മുന്നറിയിപ്പു നല്കി.
മനുഷ്യന്റെ പെരുമാറ്റം മൂലം വഷളായ, ഏറ്റവും തീവ്ര കാലാവസ്ഥയുണ്ടായ വര്‍ഷമെന്നാണ് പഠനം 2025 നെ രേഖപ്പെടുത്തിയത്.റിപ്പോര്‍ട്ട് പ്രകാരം, 2025ലെ പല മാസങ്ങളിലെയും താപനില വ്യവസായ വിപ്ലവത്തിന് മുന്‍പുണ്ടായിരുന്ന ശരാശരിയെക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തി. 2015ലെ പാരിസ് കാലാവസ്ഥാ കരാറില്‍ ലോക രാജ്യങ്ങള്‍ നിശ്ചയിച്ച പ്രധാന പരിധിയാണിത്. ഈ പരിധി സ്ഥിരമായി ലംഘിക്കപ്പെടുകയാണെങ്കില്‍ അത്യന്തം ഗുരുതരമായ കാലാവസ്ഥാ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പുനല്കുന്നു.
ലോകമെമ്പാടുമുള്ള കാലാവസ്ഥയെ സ്വാധീനിക്കുന്ന, പസഫിക് സമുദ്രജലത്തിന്റെ ഇടയ്ക്കിടെയുള്ള സ്വാഭാവിക തണുപ്പിക്കലായ ലാ നിനയുടെ സാന്നിധ്യമുണ്ടായിട്ടും താപനില ഉയര്‍ന്ന നിലയില്‍ തുടര്‍ന്നത് ആശങ്കയുണ്ടാക്കുമെന്നും പഠനം സൂചിപ്പിച്ചു.കടുത്ത ചൂടിനൊപ്പം കാട്ടുതീ, വരള്‍ച്ച, അതിശക്തമായ മഴ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ പല രാജ്യങ്ങളെയും ഈ വര്‍ഷം ശക്തമായി ബാധിച്ചിട്ടുണ്ട്. യൂറോപ്പ്, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളില്‍ റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയപ്പോള്‍ സമുദ്ര ഉപരിതല താപനിലയും ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.
കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണം മനുഷ്യ പ്രവര്‍ത്തനങ്ങളിലൂടെ ഉയരുന്ന കാര്‍ബണ്‍ ബഹിര്‍ഗമനമാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ഫോസില്‍ ഇന്ധനങ്ങളുടെ അമിത ഉപയോഗവും വനനശീകരണവും ഭൂമിയുടെ ചൂട് വര്‍ധിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.ഭൂമിയിലെ താപനില നിയന്ത്രിക്കാനായി രാജ്യങ്ങള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെടുന്നു. അന്തരീക്ഷത്തലെത്തുന്ന കാര്‍ബണ്‍ അളവ് നിയന്ത്രിക്കാനായില്ലെങ്കില്‍ അടുത്ത വര്‍ഷങ്ങള്‍ കൂടുതല്‍ അപകടകരമാകാമെന്നാണ് മുന്നറിയിപ്പ്.

