ഇക്കൊല്ലത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി. 1986ലെ എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാനത്ത് മൂന്നാം റാങ്ക് നേടിയ, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ് ഇന്ന് എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചതോടെയാണ് അതൊരു അപൂര്‍വ്വതയായി മാറിയത്. സാധാരണഗതിയില്‍ ഫലപ്രഖ്യാപനം നടത്തുന്നത് വിദ്യാഭ്യാസ മന്ത്രിയാണ്.

ഇത്തവണ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ മന്ത്രിസഭ അധികാരത്തില്‍ എത്താന്‍ കാലതാമസം നേരിടുന്ന പശ്ചാത്തലത്തിലാണ് പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫലം പ്രഖ്യാപിച്ചത്. ഇതോടെയാണ് ഈ അപൂര്‍വ്വ നിമിഷത്തിന് കേരളം സാക്ഷിയായത്.ഇതിനെ ഒരു നിയോഗമായാണ് കാണുന്നതെന്ന് ഷര്‍മിള മേരി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഫലം തനിക്ക് പ്രഖ്യാപിക്കേണ്ടി വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അന്നും എസ്എസ്എല്‍സി പരീക്ഷയില്‍ നല്ല കടുത്ത മത്സരം ഉണ്ടായിരുന്നു. രാവിലെയും ഉച്ചയ്ക്കുമായിട്ടായിരുന്നു പരീക്ഷ. ബുധനാഴ്ച തുടങ്ങി അടുത്ത ബുധനാഴ്ച തീരുന്ന തരത്തില്‍ ആറു ദിവസമായിരുന്നു പരീക്ഷ. അന്ന് റാങ്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ഷര്‍മിള മേരി ജോസഫ് പറഞ്ഞു.

ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റ് സ്‌കൂളിലാണ് പഠിച്ചത്. അന്ന് ആദ്യ മൂന്ന് റാങ്കും പെണ്‍കുട്ടികളാണ് കരസ്ഥമാക്കിയത്. നിലവില്‍ കുട്ടികള്‍ക്ക് നിരവധി അവസരങ്ങള്‍ ഉണ്ട്. അവ വേണ്ട പോലെ പ്രയോജനപ്പെടുത്തുക. നന്നായി പഠിക്കാനും ഫോക്കസ് ചെയ്ത് പഠിക്കാനുമായിരുന്നു കുട്ടികള്‍ക്കായി ഷര്‍മിള മേരി ജോസഫിന്റെ ഉപദേശം. സ്വപ്‌നം കാണാനും അത് നേടിയെടുക്കാനും പരിശ്രമിക്കാനും ഡോക്ടര്‍ ആയ ശേഷം എംഡി പഠിച്ച് കൊണ്ടിരിക്കേ ഐഎഎസ് കിട്ടിയ ഷര്‍മിള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *