ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി. പ്രതികളായ നാലുപൊലീസുകാരെ വെറുതെ വിട്ടത് റദ്ദാക്കണമെന്നാണ് സിബിഐയുടെ അപ്പീലിലെ ആവശ്യം. പ്രതികള്‍ പൊലീസുകാരനായതിനാല്‍ ശിക്ഷ അനിവാര്യമാണെന്നും സിബിഐക്ക് വേണ്ടി അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കി.
ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ വിചാരണക്കോടതി ശിക്ഷിച്ചവരെ കേരള ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെയാണ് സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഉദയകുമാര്‍ പൊലീസ് കസ്റ്റഡിയിലെ ക്രൂരമായ മര്‍ദനത്തിന് ഇരയായാണ് മരിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഗുരുതരമായി 22 പരിക്കുകള്‍ കണ്ടെത്തിയിരുന്നതായും സിബിഐ അഭിഭാഷകന് കോടതിയില്‍ ചൂണ്ടിക്കാട്ടി.
മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരമായ കൊലപാതകമാണ് നടന്നത്. പ്രതികള്‍ പൊലീസ് ഉദ്യോഗസ്ഥരാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് ശിക്ഷ അനിവാര്യമാണെന്നും സിബിഐക്ക് വേണ്ടി ഹാജരായ അഭിഭാഷകന് വാദിച്ചു. തുടര്‍ന്ന് കേസിലെ എതിര്‍കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടിസ് അയിച്ചു. 2005 ലാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ വച്ച് പൊലീസുകാരുടെ ക്രുരമായ മര്‍ദനത്തെ തുടര്‍ന്ന് ഉദയകുമാര്‍ മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് പിടികൂടിയ ശേഷം ക്രുരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

