കുടകിൽ ട്രക്കിങ്ങിനിടെ കാണാതായ നാദാപുരം സ്വദേശി ശരണ്യയെ കണ്ടെത്തി. നാല് ദിവസത്തിന് ശേഷം വനമേഖലയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. തടിയൻമോൾകുന്നിൽ കൂടുകാർക്കൊപ്പം കാടുകയറിയ ശരണ്യയെ കൂട്ടംതെറ്റി കാണാതാവുകയായിരുന്നു. ശരണ്യയുടെ ആരോഗ്യനില തൃപ്തികരമാണ്.

എറണാകുളത്ത് സോഫ്റ്റ്വെയർ എൻജിനീയറായ ശരണ്യ വ്യാഴാഴ്ചയാണ് ട്രക്കിങ്ങിനായി കുടകിലെത്തിയത്. കൂട്ടുകാരോടൊപ്പം ഹോംസ്‌റ്റേയിൽ താമസിച്ച ശേഷം ട്രക്കിങ്ങിന് പുറപ്പെടുകയായിരുന്നു. ഇതിനെടെയാണ് വഴിതെറ്റിയത്. കാണാതായതിനെ തുടർന്ന് കർണാടക വനംവകുപ്പും പൊലീസും ചേർന്ന് ഇവരെ കണ്ടെത്താനായി തെരച്ചിൽ ഊർജിതമാക്കിയിരുന്നു. പിന്നാലെയാണ് യുവതിയെ കണ്ടെത്താനായത്. വല്ലാതെ ആശങ്കപ്പെട്ടെന്നും കണ്ടെത്തിയ വാർത്ത അറിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ശരണ്യയുടെ പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

വന്യജീവികൾ ധാരാളമായുള്ള കൊടുങ്കാട്ടിൽ രക്ഷാപ്രവർത്തനദൗത്യങ്ങൾക്ക് നേരത്തെ തിരിച്ചടിയേറ്റത് വലിയ ആശങ്കകൾക്കിടയാക്കിയിരുന്നു. ശരണ്യയുടെ ഫോൺ ട്രാക്ക് ചെയ്യാൻ സാധിക്കാത്തതും തിരിച്ചടിയായിരുന്നു. എങ്കിലും കർണാടക വനംവകുപ്പിന്റെയും ആദിവാസി വിഭാഗങ്ങളുടെയും സഹകരണത്തോടെ പൊലീസ് തെരച്ചിൽ ഊർജിതമാക്കിയതോടെയാണ് കണ്ടെത്താനായത്. കാണാതായി നാല് ദിവസമായിട്ടും കുട്ടിയെ ആരോഗ്യവതിയായി കണ്ടെത്താനായതിൻ്റെ ആശ്വാസത്തിലാണ് കുടുംബവും നാടും.

യാത്രാസംഘത്തോടൊപ്പമാണ് ശരണ്യ ട്രക്കിങ്ങിന് പോയത്. എന്നാൽ ട്രക്കിങ് കഴിഞ്ഞ് തിരിച്ചുവരുന്ന വഴിക്കാണ് ശരണ്യയെ കാണാതായെന്ന് മനസിലാകുന്നത്. വഴി തെറ്റിയെന്ന് രണ്ടാംതീയതി താമസസ്ഥലത്തേക്ക് ശരണ്യ വിളിച്ചുപറഞ്ഞിരുന്നു. ശരണ്യ നേരത്തെയും ട്രക്കിങ്ങിന് പോയിരുന്നു.

