നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കി. കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകടന പത്രിക പുറത്തിറക്കിയത്. വികസനത്തിന് 60 ഇന പദ്ധതി പ്രഖ്യാപിച്ചുകൊണ്ടുള്ളതാണ് ഇടതുമുന്നണിയുടെ പ്രകടന പത്രിക. ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കുമെന്ന് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. 2031ൽ കേരളത്തെ ഉയർന്ന-ഇടത്തരം വരുമാന രാജ്യത്തിന് തുല്യമായ സമ്പദ്ഘടനയാക്കി മാറ്റും, സാമ്പത്തിക വരുമാനത്തിലെ വർദ്ധനയുടെ നേട്ടം കേരളത്തിലെ എല്ലാ പൗരന്മാർക്കും ലഭ്യമാക്കും.

കേരളത്തില്‍ പഠിച്ചാല്‍ ജോലി ഉറപ്പ്, പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് കാംപസ് പ്ലേസ്‌മെന്റ്, ലോകോത്തര ഉന്നത വിദ്യാഭ്യാസം, നൈപുണ്യ സര്‍വകലാശാല സ്ഥാപിക്കും, സ്ത്രീകളില്‍ 50 ശതമാനം പേര്‍ക്ക് ജോലി ഉറപ്പാക്കും. അതിവേഗ റെയില്‍പാതയ്ക്ക് ശ്രമം തുടരും, കെഎസ്ആര്‍ടിസിയെ പ്രവര്‍ത്തന ലാഭത്തിലാക്കും. വിവിധ സർക്കാർ സ്കീമുകൾ പ്രാദേശികതലത്തിൽ സംയോജിപ്പിച്ച് കിടപ്പുരോഗികൾക്ക് സമ്പൂർണ്ണ പരിരക്ഷയും മറ്റു വയോജനങ്ങൾക്ക് ആരോഗ്യകരവും ആനന്ദകരവുമായ ജീവിതവും ഉറപ്പുവരുത്തും.

കേരളത്തെ ആദ്യ സമ്പൂര്‍ണ്ണ പാര്‍പ്പിട സംസ്ഥാനമാക്കും, എല്ലാ വീടുകളിലും ശുദ്ധജലം ഉറപ്പാക്കും. അഭ്യസ്തവിദ്യരുടെ സംരംഭങ്ങള്‍ക്ക് പലിശരഹിത വായ്പ അനുവദിക്കും. കിടപ്പു രോഗികള്‍ക്ക് സമ്പൂര്‍ണ സര്‍ക്കാര്‍ പരിരക്ഷ, തൊഴിലുറപ്പിനെ തകര്‍ക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കും, കേവല ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യും, വ്യവസായ ടൗണ്‍ഷിപ്പ് അതോറിറ്റിക്ക് രൂപം നല്‍കും, വിഴിഞ്ഞം ഔട്ടര്‍ ഏരിയാ ഗ്രോത്ത് കോറിഡോര്‍ വികസിപ്പിക്കും, ചവറ – കൊച്ചി റെയര്‍ എര്‍ത്ത് കോറിഡോര്‍ ആരംഭിക്കും, പവര്‍കട്ട് ഇല്ലാത്ത കാലം തുടരും.

ഒരു ലക്ഷം നാനോ മൈക്രോ സംരംഭങ്ങള്‍ ഒരു കോടി വിറ്റുവരവുള്ള സംരംഭങ്ങളാക്കും. തോട്ടവിളകള്‍ക്ക് പുതിയ കര്‍മപദ്ധതി, പ്രവാസി പ്രൊഫഷണലുകള്‍ക്കായി ലോക കേരള സങ്കല്‍പ്പം, എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലാക്കും, 5 ലക്ഷം കുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റും, ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കും, ആരോഗ്യകരമായ വാര്‍ധക്യം പദ്ധതി നടപ്പാക്കും, ലൈഫ് മിഷന്‍ 2.0 നടപ്പാക്കും. മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കും, 2031 ല്‍ 5 കോടി ആഭ്യന്തര ടൂറിസ്റ്റുകളെയും 15 ലക്ഷം വിദേശ ടൂറിസ്റ്റുകളെയും കേരളത്തിലേക്ക് ആകര്‍ഷിക്കും.

വിജ്ഞാന സമ്പദ്ഘടയിലേക്കുള്ള പരിവർത്തനം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, തൊഴിലില്ലായ്മയും ദാരിദ്ര്യവും പരിഹരിക്കും, നെല്ലിന്റെ താങ്ങുവില ഉയർത്തും, പച്ചക്കറികളുടെ താങ്ങുവില ഉയർത്തും, റബറിന്റെ താങ്ങുവില ഉയർത്തും, നെല്ലിന്റെ താങ്ങുവില സംഭരണ വേളയിൽ തന്നെ നൽകും, ലയങ്ങൾ പുനർനിർമ്മിക്കുമെന്നും എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറയുന്നു. പ്രകടന പത്രിക പ്രകാശന ചടങ്ങില്‍ ഇടതുമുന്നണി കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍, മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, കെ കൃഷ്ണന്‍കുട്ടി, സിപിഐ നേതാവ് കെ പ്രകാശ് ബാബു, ആര്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *