വെള്ളാപ്പള്ളി നടേശന് ആശ്വാസം. SNDP യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ ഉത്തരവിന് സ്റ്റേ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്. തന്നെ അയോഗ്യനാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശന്‍ സമർപ്പിച്ച ഹർജിയിൽ ഇന്നാണ് ഹൈക്കോടതി ഇടപെടൽ ഉണ്ടായത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി നടേശന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെ നിലപാട് തേടി.

പുതിയ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ നിയമിക്കണമെന്ന കോടതി നിര്‍ദേശം നടപ്പിലാക്കുന്നതില്‍ കാലതാമസം ഉണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ചീഫ് ജസ്റ്റിസ് സൗമന്‍ സെന്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സിംഗിള്‍ ബെഞ്ച് അധികാര പരിധി വിട്ടെന്നാണ് വെള്ളാപ്പള്ളിയുടെ വാദം. തുടര്‍ച്ചയായി റിട്ടേണ്‍ സമര്‍പ്പിച്ചില്ല എന്ന സിംഗിള്‍ ബെഞ്ചിന്റെ കണ്ടെത്തലില്‍ തെറ്റുണ്ടെന്നും അതുകൊണ്ട് അയോഗ്യത നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടി.

യോഗത്തിന്റെ കണക്ക് ഹാജരാക്കുന്നതിലെ ബൈലോ ലംഘനം കണ്ടെത്തിയാണ് വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ള മുഴുവന്‍ ഭാരവാഹികളും ഡയറക്ടർ ബോർഡ് അംഗങ്ങളും അയോഗ്യരാണെന്നായിരുന്നു സിംഗിൾ ബെഞ്ച് വിധിച്ചത്. വെള്ളാപ്പള്ളി നടേശന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, പ്രസിഡന്റ് എം.എന്‍.സോമന്‍, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങി 170 ബോര്‍ഡ് അംഗങ്ങളാണ് അയോഗ്യരാക്കപ്പെട്ടത്. ഒമ്പത് വര്‍ഷമായി എസ്എന്‍ഡിപി യോഗത്തിന്റെ വാര്‍ഷിക വരവ് ചെലവ് കണക്ക് നല്‍കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. യോഗത്തിന് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *