കാഞ്ഞിരപ്പള്ളി: ഓരോ കാഞ്ഞിരപ്പള്ളിക്കാരുടെയുമൊപ്പം കാഞ്ഞിരപ്പള്ളി എംഎൽഎ ഡോ.എൻ. ജയരാജിന്റെയും സ്വപ്ന പദ്ധതിയായ ഏറെ നാളുകളായി മുടങ്ങികിടക്കുകയായിരുന്ന കാഞ്ഞിരപ്പള്ളി ബൈപാസ് നിർമ്മാണത്തിന് വീണ്ടും പുതുജീവൻ വയ്ക്കുന്നു. കരാർ വെച്ച തുക തികയുകയില്ല എന്നും കൂടുതൽ തുക അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കരാർ ഏറ്റെടുത്തു പണികൾ നടത്തിക്കൊണ്ടിരുന്ന ഗുജറാത്തിലെ ബാക്ക്ബോൺ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പണികൾ പൂർണമായും നിർത്തിവച്ചതോടെയാണ് കാഞ്ഞിരപ്പള്ളി ബൈപാസ് പ്രതിസന്ധിയിലായത്.

2025 മാർച്ച് മൂന്നിന് പണികൾ തീരുമെന്ന ഉറപ്പിലാണ് കരാർ ബാക്ക് ബോൺ കമ്പനി ടെൻഡർ ഉറപ്പിച്ച് പണികൾ ആരംഭിച്ചത്. എന്നാൽ കമ്പനിയുടെ അപ്രതീക്ഷിത നീക്കം നിർമ്മാണം പ്രതിസന്ധിയിലാക്കി. പുതിയ കമ്പനിയെ പണികൾ ഏൽപ്പിക്കേണ്ടതിനായി റീ ടെണ്ടർ ചെയ്തതിനെ തുടർന്ന് തെരുവത്ത് കൺസട്രക്ഷൻസ് കരാർ വയ്ക്കുകയും നിർമ്മാണ ജോലികൾ അടുത്തയാഴ്ച പുനരാരംഭിക്കുകയാണ്. ഇതോടെ ബൈപ്പാസ് നിർമ്മാണത്തിനുള്ള താൽക്കാലിക പ്രതിസന്ധി ഒഴിവായി.

പുതിയ കരാറുകാരൻ സ്ഥലം സന്ദർശിച്ചു പ്രാരംഭ പ്രവർത്തങ്ങൾക്ക് തുടക്കമിട്ടു. പണി ആയുധങ്ങൾ നിർമ്മാണ സ്ഥലത്ത് എത്തിക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. എട്ട് മാസം കൊണ്ട് പണികൾ പൂർത്തിയാക്കുമെന്ന് പുതിയ കരാറുകാരൻ ഉറപ്പു നൽകി.
ദിനംപ്രതി ഗതാഗതക്കുരുക്കിൽ പൊറുതിമുട്ടുന്ന കാഞ്ഞിരപ്പള്ളിക്കാർ ബ്ലോക്കില്ലാതെ സുഗമമായി യാത്ര ചെയ്യുവാൻ ഇനി കാത്തിരിക്കേണ്ടത് എട്ട് മാസങ്ങൾ കൂടി.

Leave a Reply

Your email address will not be published. Required fields are marked *