ഈ കാഴ്ച കാണാനാകട്ടെ പ്രത്യേക ഉപകരണങ്ങളൊന്നും ആവശ്യമില്ലതാനും. എങ്കിലും ബൈനോക്കുലറുകളോ ദൂരദർശിനിയോ ഉണ്ടെങ്കിൽ കാഴ്ച കൂടുതല്‍ മിഴിവുള്ളതായിരിക്കും. സൂര്യപ്രകാശം മാത്രം പ്രതിഫലിപ്പിക്കുന്നതിനാല്‍ ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സുരക്ഷിതമാണ്.
എന്താണ് ചന്ദ്രഗ്രഹണം?
ചന്ദ്രനും സൂര്യനും ഇടയിൽ ഭൂമിയെത്തുമ്പോള്‍, ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഭാഗിക ചന്ദ്രഗ്രഹണത്തില്‍ ഭൂമിയുടെ നിഴലിൽ ചന്ദ്രന്‍റെ ഒരു ഭാഗം മാത്രമേ മറയുകയുള്ളൂ. അതേസമയം, സമ്പൂര്‍ണ ചന്ദ്രഗ്രഹണത്തില്‍ സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിലായിരിക്കും. ഈ സമയം ഭൂമിയുടെ നിഴലിന്‍റെ ഏറ്റവും ഇരുണ്ട ഭാഗമായ അംബ്ര ചന്ദ്രനെ മൂടുന്നു. ഭൂമിയുടെ നിഴലിൽ ചന്ദ്രൻ പൂർണ്ണമായി മറയുകയും എന്നാല്‍ ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മികള്‍ ചന്ദ്രനെ ചുവപ്പ് കലർന്ന ഓറഞ്ച് നിറത്തിൽ ദൃശ്യമാക്കുകയും ചെയ്യുന്നു.
ചുവപ്പ് നിറത്തിന് കാരണം
സമ്പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് ഭൂമിയുടെ അന്തരീക്ഷമാണ് ചന്ദ്രനെ ‘രക്തചന്ദ്രനാ’ക്കി മാറ്റുന്നത്. ഈ സമയം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മികള്‍ ചന്ദ്രനില്‍ പതിക്കുന്നു. ഈ സൂര്യരശ്മികള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രകീര്‍ണനത്തിന് വിധേയമാകും. ഇതോടെ ദൃശ്യപ്രകാശത്തിലെ പച്ച മുതൽ വയലറ്റ് തരംഗദൈർഘ്യം കുറഞ്ഞ കിരണങ്ങള്‍ ചിതറിത്തെറിക്കുകയും തരംഗദൈർഘ്യം കൂടിയ ചുവപ്പ്, ഓറഞ്ച് നിറങ്ങള്‍ ചന്ദ്രനിലേക്കെത്തുകയും ചെയ്യുന്നു. ഇതുമൂലമാണ് ചന്ദ്രന്‍ രക്തചന്ദ്രനായി കാണപ്പെടുന്നത്. സാധാരണ സൂര്യോദയസമയത്തും സൂര്യാസ്തമയസമയത്തും കാണുന്ന ചുവന്ന ചക്രവാളദൃശ്യത്തിനു സമാനമായിരിക്കും ഇത്.

