കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ മകന്റെ ചികിത്സക്കായെത്തിയ പിതാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി പീരുമേട് സ്വദേശി മഹേഷ് (42) ആണ് മരിച്ചത്.

മകന്റെ ചികിത്സയ്ക്കായി ഇന്ന് രാവിലെയായിരുന്നു മഹേഷ് ഭാര്യയുടെയും സഹോദരന്റെയുമൊപ്പം കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയത്. തുടർന്ന് സഹോദരനും ഭാര്യയും മകനുമായി ഡോക്ടറിനെ കാണുവാൻ പോവുകയും മഹേഷ് കാറിൽ തന്നെ ഇരിക്കുകയുമായിരുന്നു.

ഡോക്ടറിനെ കണ്ടുകഴിഞ്ഞ് തിരികെയെത്തിയപ്പോഴാണ് മഹേഷിനെ ബോധരഹിതനായി കാറിൽ കണ്ടത്. തുടർന്ന് ഉടൻതന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.

