മലയാളികളുടെ സന്തോഷത്തിനും സങ്കടത്തിനും കൂട്ടിരുന്നിട്ടുള്ള ശബ്ദമാണ് കെഎസ് ചിത്ര. മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറിയ ശബ്ദവും ഗായികയും. വാത്സല്യം നിറഞ്ഞ ചിരിയോടെയല്ലാതെ മലയാളി ചിത്രയെ കണ്ടിട്ടില്ല. എന്നാല്‍ ജീവിതം ചിത്രയോട് ആ കരുണ കാണിച്ചിട്ടില്ല. ആറ്റുനോറ്റ് ജനിച്ച മകളുടെ അപ്രതീക്ഷിത വേര്‍പാടിന്റെ വേദന അവരിന്നും പേറുന്നുണ്ട്.
അകാലത്തില്‍ നഷ്ടമായ മകള്‍ നന്ദനയുടെ ജന്മദിനത്തില്‍ കെഎസ് ചിത്ര പങ്കുവച്ച വാക്കുകള്‍ മലയാളികളുടെ മനസിലൊരു നോവായി മാറുകയാണ്. സ്വര്‍ഗത്തിലെ കുഞ്ഞുമാലാഖയെന്നാണ് തന്റെ മകളെ ചിത്ര വിശേഷിപ്പിക്കുന്നത്. നിന്നെ എന്നും ഞങ്ങള്‍ സ്‌നേഹിക്കുമെന്നും ചിത്ര പറയുന്നു.
‘ഞങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞുമോള്‍. സ്വര്‍ഗത്തിലെ ഞങ്ങളുടെ മാലാഖ. വളരെ വേഗത്തിലാണ് നിന്നെ ഞങ്ങളില്‍ നിന്നും കൊണ്ടുപോയത്. നിനക്കായി ഞങ്ങള്‍ സ്വപ്‌നം കണ്ട ജീവിതം നയിക്കാന്‍ കുറേക്കൂടി സമയം ഉണ്ടായിരുന്നുവെങ്കിലെന്ന് ഞങ്ങള്‍ ആശിച്ചുപോകുന്നു. പക്ഷെ, ചിലപ്പോഴൊക്കെ സ്‌നേഹനിധികളായ കുഞ്ഞുങ്ങളെ സ്വര്‍ഗത്തിലായിരിക്കും ആവശ്യം വരിക. നീ അവരില്‍ ഒരാളാണ്. ഞങ്ങള്‍ എന്നും സ്‌നേഹിക്കുന്ന കുഞ്ഞും മാലാഖയും. ജന്മദിനാശംസകള്‍, പ്രിയപ്പെട്ട നന്ദന” എന്നായിരുന്നു ചിത്രയുടെ കുറിപ്പ്.
നന്ദനയുടെ ചിത്രവും ചിത്ര പങ്കുവച്ചിട്ടുണ്ട്. മകളുടെ പിറന്നാള്‍ ദിവസം പതിവായി ചിത്ര കുറിപ്പ് പങ്കുവെക്കാറുണ്ട്. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ 2002 ലാണ് ചിത്രയ്ക്ക് മകള്‍ ജനിക്കുന്നത്. എന്നാല്‍ ആ സന്തോഷത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. 2011 ല്‍ ദുബായിലെ വീട്ടിലെ നീന്തല്‍ കുളത്തില്‍ വീണ് നന്ദന മരിച്ചു. എട്ട് വയസ് മാത്രമേ നന്ദനയ്ക്ക് അപ്പോഴുണ്ടായിരുന്നുള്ളൂ.

