ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്റ്റേഷനുകളിലെ വൈദ്യുതി നിരക്കിൽ മാറ്റം വരുന്നു. ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകളുടെ പ്രവർത്തനം സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ പരിഷ്‌കരിച്ച മാനദണ്ഡം അനുസരിച്ച് രണ്ട് സോണുകളായി തിരിച്ചായിരിക്കും ഇനി മുതൽ ബില്ലിങ്. ടൈം ഓഫ് ഡെ (ടിഒഡി) അടിസ്ഥാനമാക്കി രാവിലെ 9 മുതൽ വൈകിട്ട് 4 വരെ സോളാർ എനർജി സമയമായി കണക്കാക്കി ഒരു തുകയും ബാക്കി സമയങ്ങളിൽ വേറെ തുകയുമായിരിക്കും ഈടാക്കുക.
രാവിലെ 9 മണിമുതൽ 4 മണി വരെയുള്ള സമയങ്ങളിൽ സാധാരണ നിരക്കുകളെക്കാൾ 30 ശതമാനം കുറവ് റേറ്റിനും മാറ്റ് സമയങ്ങളിൽ സാധാരണ റേറ്റിനെക്കാൾ 30 ശതമാനം കൂടുതലായും നൽകണം. നിലവിൽ ചാർജിങ്ങിന് പൊതുവായ നിരക്ക് യൂണിറ്റിന് 7.15 രൂപയാണ് നൽകേണ്ടത്. പുതിയ നിർദേശത്തോടെ 9 മുതൽ 4 വരെയുള്ള സമയത്തിന് 5 രൂപയും അതിന് ശേഷം 9.30 രൂപയും ഈടാക്കും. ഇതിലൂടെ നിലവിൽ 100 രൂപ ബില്ല് ആവുന്ന ചാർജിങ് തുക രാവിലെയാണെങ്കിൽ 70 രൂപയായി കുറയുകയും വൈകീട്ട് നാല് മണിക്ക് ശേഷമാണെങ്കിൽ 130 രൂപയായി കൂടുകയും ചെയ്യും.
നിലവിലെ ടിഒഡി ബില്ലിങ് പ്രകാരം രാവിലെ 6 മുതൽ 6 വരെയും വൈകിട്ട് 6 മുതൽ 10 വരെയും രാത്രി 10 മുതൽ രാവിലെ 6 വരെയും മൂന്നു സോണുകളായി തിരിച്ചായിരുന്നു ബില്ലിങ്. ചാർജിങ് സ്റ്റേഷനുകൾക്കു ലഭിക്കുന്ന വൈദ്യുതി നിരക്ക് ഇളവ് ആനുപാതികമായി വാഹനം ചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്കു നൽകണമെന്ന് നേരത്തെ റെഗുലേറ്ററി കമ്മിഷൻ നിർദേശിച്ചിരുന്നു. നിലവിൽ കെഎസ്ഇബിയുടെ ചാർജിങ് സ്റ്റേഷനുകൾ ഈ നിർദേശം നടപ്പാക്കുന്നുണ്ടെന്ന് കമ്മിഷനെ അറിയിച്ചിരുന്നു.
പകൽ സമയത്ത് പരമാവധി വാഹനങ്ങൾ ചാർജ് ചെയ്യിപ്പിക്കാനാണ് അധികൃതരുടെ ശ്രമം. നിലവിൽ കെഎസ്ഇബി നൽകുന്ന നിരക്ക് ഇളവ് സ്വകാര്യ സ്റ്റേഷനുകൾ കൂടി നൽകിയാൽ പകൽ വാഹനങ്ങൾ ചാർജ് ചെയ്യുന്നവരുടെ എണ്ണം വർധിക്കുകയും രാത്രിയിലെ വൈദ്യുതി ഉപഭോഗം കുറയുകയും ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.

