എല്ലാവർഷവും എപ്രിൽ 19-നാണ് ലോക കരൾ ദിനമായി ആചരിക്കുന്നത്. കരൾ രോഗങ്ങളെ കുറിച്ചുള്ള അവബോധം വർധിപ്പിക്കാനും കരൾ ആരോഗ്യം മെച്ചപ്പെടുത്തുകയുമാണ് ഇത്തരമൊരു ദിനം ആചരിക്കുന്നതിൻ്റെ പ്രധാന ഉദ്ദേശ്യം.
മനുഷ്യശരീരത്തിലെ രണ്ടാമത്തെ വലിയ അവയവമാണ് കരൾ. ശരീരത്തിലെ അവശ്യപ്രവർത്തനങ്ങളിലെല്ലാം കരൾ ഒരു പ്രധാന പങ്കുവഹിക്കുന്നു. ഇത് ഉപാപചയം, ദഹനം, വിഷവസ്തുക്കളെ ശുദ്ധീകരിക്കൽ, രോഗപ്രതിരോധ നിയന്ത്രണം, പോഷക സംഭരണം എന്നിവയെ സഹായിക്കുന്നു.

എന്തെങ്കിലും കാര്യമായ കേടുപാടുകൾ സംഭവിച്ചാലും കരളിന് സ്വയം മുക്തി നേടാനുള്ള കഴിവുണ്ട്. എന്നിരുന്നാലും, പ്രധാന അവയവമായ കരളിനെ ബാധിക്കുന്ന തകരാറുകൾ മനുഷ്യശരീരത്തിൽ മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. അതുതന്നെയാണ് കരൾ ദിനത്തിൻ്റെ പ്രാധാന്യത്തിനും കാരണം.
2010-ൽ യൂറോപ്യൻ അസോസിയേഷൻ ഫോർ ദ സ്റ്റഡി ഓഫ് ദ ലിവർ (ഇഎഎസ്എൽ) ആണ് ലോക കരൾ ദിനം രൂപീകരിച്ചത്. ഇഎഎസ്എല്ലിനോടുള്ള ആദര സൂചകമായാണ് അതിന്റെ സ്ഥാപകദിനമായ ഏപ്രിൽ 19-ന് തന്നെ കരൾ ദിനം ആചരിക്കുന്നതിനായി തിരഞ്ഞെടുത്തത്. 1966 ലാണ് ഇഎഎസ്എൽ സ്ഥാപിച്ചത്. ഹെപ്പറ്റൈറ്റിസ്, ഫാറ്റി ലിവർ, സിറോസിസ്, ലിവർ കാൻസർ തുടങ്ങിയ കരൾ രോഗങ്ങളെക്കുറിച്ച് കൂടുതൽ ബോധവത്കരിക്കുന്നതിന്റെ പ്രാധാന്യം ഈ സംരംഭം അടിവരയിടുന്നു.
വാക്സിനേഷൻ, സമീകൃത പോഷകാഹാരം, പ്രതിരോധ നടപടികൾ, സുരക്ഷിതമായ ശുചിത്വ രീതികൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും കൂടിയാണ് ലോക കരൾ ദിനം ആചരിക്കുന്നത്. കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയുന്ന മുൻകൂട്ടി ചെയ്യാൻ സാധിക്കുന്ന പരിശോധനകളുടെ പ്രാധാന്യവും ഈ ദിനം ഓർമ്മിപ്പിക്കുന്നുണ്ട്.
പ്രതിരോധത്തിനും അവബോധത്തിനും പുറമേ കരൾ രോഗങ്ങളുള്ളവർക്കും ഈ ദിനം പിന്തുണ നൽകുന്നുണ്ട്. മുറിവുകൾ ഇല്ലാതാക്കനും മികച്ച ചികിത്സയും ആരോഗ്യസംരക്ഷണവും ഉറപ്പാക്കാനും ഇത് അവസരമൊരുക്കുന്നു. ആത്യന്തികമായി, മനുഷ്യത്തിൻ്റെ മൊത്തത്തിലുള്ള ക്ഷേമത്തിന്റെ അടിസ്ഥാനവശമായി കരൾ ആരോഗ്യത്തിന് മുൻഗണന നൽകാൻ സമൂഹത്തെയും ആരോഗ്യ വിദഗ്ധരെയും നയരൂപകർത്താക്കളെയും ഈ ദിനം പ്രോത്സാഹിപ്പിക്കുന്നു.

കരളിന്റെ ആരോഗ്യം സംരക്ഷിക്കാം…
- സമീകൃത ആഹാരക്രമം പിന്തുടരുക. ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പും ആഹാരത്തിൽ ഉൾപ്പെടുത്തുക. സംസ്കരിച്ച ഭക്ഷ്യപദാർത്ഥങ്ങൾ, പഞ്ചസാര എന്നിവ ഒഴിവാക്കുക. ഇത് ഫാറ്റി ലിവറിന് കാരണമായേക്കും.
- ശരീരത്തിൽ ജലാംശം നിലനിർത്താൻ ശ്രദ്ധിക്കുക. ധാരാളം വെള്ളം കുടിക്കുക. ഇത് കരളിന്റെ സ്വാഭാവിക വിഷവിമുക്തമാക്കൽ പ്രക്രിയയെ ഉത്തേജിപ്പിക്കും. കരളിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിന് ഇത് സഹായിക്കും.

- ആൽക്കഹോൾ ഉപയോഗം കുറയ്ക്കുക. ആൽക്കഹോളിന്റെ അമിത ഉപഭോഗം കരൾ കോശങ്ങളെ നശിപ്പിക്കും. ഫാറ്റി ലിവർ, ഹെപ്പറ്റൈറ്റിസ്, സിറോസിസ് പോലുള്ള രോഗാവസ്ഥയിലേക്ക് ഇത് നയിക്കും. ആൽക്കഹോൾ കുറഞ്ഞ അളവിൽ മാത്രം കുടിക്കുകയോ പൂർണമായി ഒഴിവാക്കുകയോ ചെയ്യുക.
- പുകവലി ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുക. പുകവലിക്കുന്നതുവഴി മാരകമായ വിഷപദാർത്ഥങ്ങൾ ശരീരത്തിലേക്ക് കടക്കും. ഇത് കരളിന്റെ പ്രവർത്തനത്തെ ബാധിക്കും. കരൾ ക്യാൻസറിനുള്ള സാധ്യത ഇത് വർധിപ്പിക്കും. പുകവലി ഒഴിവാക്കുന്നത് ആരോഗ്യമുള്ള കരളിനെ പ്രദാനം ചെയ്യും.

- ഹെപ്പറ്റൈറ്റിസ് വാക്സിൻ എടുക്കുക. ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവയ്ക്കുള്ള കുത്തിവെപ്പ് എടുക്കുന്നത് മികച്ച പ്രതിരോധ മാർഗ്ഗമാണ്. കരൾ രോഗങ്ങൾക്കുകാരണമാകുന്ന വൈറസുകളെ പ്രതിരോധിക്കാൻ ഇത് സഹായിക്കും.
- വ്യായാമം ചെയ്യുന്നത് ശരീരഭാരം നിയന്ത്രിച്ച് നിർത്തും. ഇത് കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ആഴ്ചയിൽ മിക്ക ദിവസങ്ങളിലും 30 മിനുറ്റെങ്കിലും ചെറിയ വ്യായാമം ചെയ്യാൻ മാറ്റിവെക്കുക.
- കൃത്യമായ ഹെൽത്ത് ചെക്കഅപ്പുകൾ നടത്തുക. ലിവർ ഫങ്ഷൻ ടെസ്റ്റ് അടക്കമുള്ളവ നടത്താൻ ശ്രദ്ധിക്കുക. ഇത് കൃത്യമായ രോഗനിർണയത്തിനും ചികിത്സയ്ക്കും സഹായിക്കും.
‘ഭക്ഷണം മരുന്നാണ്’ എന്നതാണ് കരൾ ദിനത്തിൻ്റെ പ്രമേയം. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ പോഷകാഹാരത്തിനുള്ള പ്രാധാന്യം ഇത് വ്യക്തമാക്കുന്നു.
