നാനി നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദി പാരഡൈസി’ന്റെ ടീസർ മലയാളികൾക്കിടയിൽ വൻ ചർച്ചാ വിഷയമാകുന്നു. ദസറ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നാനിയും സംവിധായകൻ ശ്രീകാന്ത് ഒഡെലയും വീണ്ടും ഒന്നിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ബംഗാളി, ഹിന്ദി, ഇംഗ്ലീഷ്, സ്പാനിഷ് എന്നിങ്ങനെ 8 ഭാഷകളിലായിട്ടാണ് റിലീസ് ചെയ്യുന്നത്. ഈ 8 പതിപ്പിന്റെയും ടീസർ അണിയറപ്രവർത്തകർ ഇതിനകം പുറത്തു വിട്ടിട്ടുണ്ട്.

ആക്ഷൻ അഡ്വെഞ്ചർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ‘ദി പാരഡൈസിന്റെ’ ടീസറിൽ, അടിച്ചമർത്തപ്പെട്ട ഒരു ജനതയെ ദുരിതങ്ങളിൽ നിന്ന് രക്ഷിക്കാനും പോരാട്ടം മുന്നോട്ട് നയിക്കാനും ഒരു തലവൻ വരും എന്ന് ഒരു സ്ത്രീ പറയുമ്പോൾ ആണ് വ്യത്യസ്ത ഗെറ്റപ്പിൽ നാനിയുടെ വരവ്. ചിത്രത്തിന്റെ കഥ നടക്കുന്ന പശ്ചാത്തലവും നായകനുള്ള വാഴ്ത്തുമെല്ലാം വിവരിക്കുന്ന സ്ത്രീശബ്ദം നാനിയുടെ കഥാപാത്രത്തെ ‘വേശ്യയ്ക്ക് പിറന്നവൻ’ എന്നാണ് വിശേഷിപ്പിക്കുന്നത്. മാത്രമല്ല നാനിയുടെ കയ്യിൽ മലയാളത്തിലെ ഒരു ‘തെറി’ പച്ച കുത്തി വെച്ചിരിക്കുന്നതും മലയാളി പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ ടീസറിനെ ട്രോൾ ചെയ്യാൻ കാരണമായി.

ടീസറിന്റെ എല്ലാ പതിപ്പിലും ആ ഭാഷയിലെ ഒരു തെറി വാക്കാണ് ഗ്രാഫിക്ക്സിന്റെ സഹായത്തിൽ നാനിയുടെ കയ്യിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ടീസർ ആരംഭിക്കുമ്പോഴേ ‘റോ ട്രൂത്, റോ ലാംഗ്വേജ്’ എന്ന മുന്നറിയിപ്പ് അണിയറപ്രവർത്തകർ നൽകുന്നുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജി.കെ വിഷ്ണുവാണ് കൈകാര്യം ചെയ്യുന്നത്.

എസ്.എൽ.വി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറി നിർമ്മിച്ചിരിക്കുന്ന ‘ദി പാരഡൈസ്’ വൻ മുതൽമുടക്കിലാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ദി പാരഡൈസ് അടുത്ത വർഷം മാർച്ച് 26 ന് തിയറ്ററുകളിലെത്തും.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *