കോട്ടയം : വാഗമൺ തീക്കോയി റോഡിൽ ഒറ്റയീട്ടി ടൗണിൽ വാഹനങ്ങളിൽ ഇടിച്ച് നിർത്താതെ പോയ കാർ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. അപകടത്തിൽ വഴിയാത്രക്കാരനും പരിക്കേറ്റു. ഒറ്റയീട്ടി കരുവംപ്ലാക്കൽ ദേവസ്യാച്ചൻ എന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ വാഗമണ്ണിൽ നിന്നും ഈരാറ്റുപേട്ടയിലേക്ക് വന്ന കാറാണ് അപകടത്തിനിടയാക്കിയത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
അമിത വേഗത്തിലെത്തിയ കാർ ഒറ്റയീട്ടി ടൗണിൽ നിർത്തിയിട്ടിരുന്ന രണ്ടു സ്കൂട്ടറുകളിലും ഒരു ബൈക്കിലും ഇടിച്ച ശേഷം വഴിയാത്രക്കാരനെയും തട്ടിയിട്ട് കടന്നു കളയുകയായിരുന്നു. നിർത്താതെ പോയ കാർ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിലേൽപ്പിച്ചു.