പാലക്കാട്ടെ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ബിജെപി.നേതൃത്വത്തിനെതിരെ വിമർശനവുമായി പാലക്കാട് നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ. സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയുണ്ടായെന്നും സ്ഥിരം സ്ഥാനാർഥി മത്സരിച്ചത് തിരിച്ചടിയായെന്നും പ്രമീള വ്യക്തമാക്കി. പ്രചാരണത്തിന് പോയപ്പോൾ സ്ഥിരം സ്ഥാനാർഥി നിന്നതിലുള്ള അതൃപ്തി പലരും അറിയിച്ചിരുന്നു. അതൃപ്തി മറികടന്നാണ് തങ്ങൾ പ്രചാരണത്തിന് പോയതെന്നും പ്രമീള ശശിധരൻ വ്യക്തമാക്കി.
ബിജെപിയുടെ പരാജയത്തിന് പിന്നിൽ നഗരസഭയുടെ ഭാഗത്ത് നിന്ന് വീഴ്ചകളുണ്ടായിട്ടില്ലെന്നും പ്രമീള പറഞ്ഞു. പാർട്ടി പ്രവർത്തകർ സി കൃഷ്ണകുമാറിനൊപ്പം നിന്നു. ജനങ്ങളിൽ നിന്നുയർന്ന എതിർപ്പ് സുരേന്ദ്രനെ അറിയിച്ചിരുന്നുവെന്നും പ്രമീള പറയുന്നു.
നഗരസഭയിലെ മുഴുവൻ ബിജെപി കൗൺസിലർമാരും പ്രചരണത്തിന് മുന്നിലുണ്ടായിരുന്നു. നഗരസഭ വോട്ടുകൾ കുറഞ്ഞുവെന്ന് പറയാനാകില്ല.സ്ഥാനാർഥി ചർച്ചകൾ വരുമ്പോൾ തന്നെ ഒരേ സ്ഥാനാർഥി വേണ്ടെന്ന് ഉന്നതനേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ ഈ ആവശ്യം പാർട്ടി അംഗീകരിച്ചില്ല. വേറെ സ്ഥാനാർഥിയായിരുന്നെങ്കിൽ ജയസാധ്യത കൂടിയേനെ. ഇപ്പോഴത്തെ തോൽവിയിൽ നഗരസഭയെ പഴിക്കുന്നതിൽ യുക്തിയില്ല. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് നിലപാട് ശരിയല്ല. 1500 വോട്ട് മാത്രമാണ് കുറഞ്ഞത് ഇതിൽ നോട്ടയുമുണ്ട്. ജനവിധിയെ ബഹുമാനിക്കുന്നു. എന്തു കൊണ്ട് കൃഷ്ണകുമാറിന്റെ വോട്ട് കുറഞ്ഞുവെന്ന് പാർട്ടി അന്വേഷിക്കട്ടെ.-പ്രമീള വ്യക്തമാക്കി.
ശോഭ സുരേന്ദ്രൻ വോട്ട് ചോദിക്കാൻ രംഗത്തിറങ്ങിയെന്നും ശോഭയെ വേണ്ട രീതിയിൽ ഉപയോഗിച്ചില്ലെന്നും പ്രമീള കുറ്റപ്പെടുത്തി. ശോഭ സുരേന്ദ്രനെതിരെയുള്ള ആരോപണങ്ങളും നഗരസഭാധ്യക്ഷ തള്ളി.
അതിനിടെ പാലക്കാട്ടെ തോൽവി ബി.ജെ.പി കൗൺസിലർമാരുടെ തലയിൽവെക്കേണ്ടെന്ന് ബി.ജെ.പി ദേശീയ കൗൺസിൽ അംഗം എൻ. ശിവരാജനും പ്രതികരിച്ചു. ജയിച്ചാൽ ക്രെഡിറ്റ് കൃഷ്ണകുമാറിന് തോറ്റാൽ ഉത്തരവാദിത്തം ശോഭയ്ക്ക് എന്ന നിലപാട് ശരിയല്ലെന്നും സ്ഥാനാർഥി നിർണയം പാളിയോ എന്ന് ദേശീയ നേതൃത്വം പരിശോധിക്കണമെന്നും ശിവരാജൻ ആവശ്യപ്പെട്ടു.
കേരളത്തിലെ ബി.ജെ.പി ശക്തികേന്ദ്രമായ പാലക്കാട് തിരിച്ചടിയുണ്ടാവാൻ കാരണം ശോഭാ സുരേന്ദ്രൻ പക്ഷമാണെന്ന് സുരേന്ദ്രൻ പക്ഷം ആരോപിച്ചിരുന്നു. ശോഭയുടെ ഡ്രൈവർ വോട്ടുമറിക്കാൻ കൂട്ടുനിന്നു എന്നായിരുന്നു പ്രധാന ആരോപണം.
പരാജയത്തിനു പിന്നിൽ ശോഭാ സുരേന്ദ്രനാണെന്ന് വരുത്തിത്തീർക്കാൻ മുരളീധരന്റെ പക്ഷവും ശ്രമിക്കുന്നതായി പാർട്ടിക്കകത്തുനിന്ന് പരാതി ഉയർന്നിരുന്നു. നഗരസഭയിൽ ‘ശോഭാപക്ഷം’ ബി.ജെ.പിയെ സ്ഥാനാർഥിയായ കൃഷ്ണകുമാറിനെ തോൽപിച്ചു എന്നാണ് മുരളീധരന്റെ പക്ഷം ആവർത്തിക്കുന്നത്. പാലക്കാട്ടെ പരാജയം ശോഭ സുരേന്ദ്രന്റെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നതായി ശോഭാപക്ഷവും ആരോപിച്ചു. കെ. സുരേന്ദ്രന് വി. മുരളീധരൻ സംരക്ഷണവലയം ഒരുക്കുന്നതായും ആരോപണം ഉയരുന്നുണ്ട്.

