പത്തനംതിട്ട: വഴിതടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകന്റെ പിറന്നാളാഘോഷം. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഷിയാസിന്റെ ജന്മദിനമാണ് കാർ റാലി നടത്തി ആഘോഷിച്ചത്. സെന്റ് പീറ്റേഴ്സ് ജംക്ഷനിൽ നടന്ന കാർ റാലിയിൽ ഇരുപതോളം കാറുകൾ അണിനിരന്നു. അൻപതോളം യുവാക്കളാണ് ആഘോഷത്തിൽ പങ്കെടുത്തത്.
കമ്മട്ടിപ്പാടം എന്ന ഇടത് പ്രവർത്തകരുടെ ക്ലബാണ് ഒരു മണിക്കൂർ നീണ്ട ആഘോഷം സംഘടിപ്പിച്ചത്. സംഭവത്തെ കുറിച്ച് അറിയില്ലെന്നു ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം അറിയിച്ചു. ജില്ലയിൽ മൂന്നാം തവണയാണ് പൊതുനിരത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പിറന്നാൾ ആഘോഷം നടത്തുന്നത്.
നേരത്തേ മലയാലപ്പുഴയിൽ കാപ്പ കേസ് പ്രതി ശരൺ ചന്ദ്രന്റെ നേതൃത്വത്തിൽ ഇത്തരത്തിൽ ആഘോഷം സംഘടിപ്പിച്ചിരുന്നു. അടൂരിലെ പറക്കോട് ഡിവൈഎഫ്ഐയുടെ പ്രാദേശിക ഭാരവാഹിയുടെ ജന്മദിനം ലഹരിക്കേസിലെ പ്രതികളോടൊപ്പം ആഘോഷിച്ചതും വിവാദമായി. അടൂരിലെ സംഭവം പാർട്ടി അന്വേഷിച്ചുവരികയാണ്.

