വീടുകളിൽ മിക്കപ്പോഴും കാണുന്നതാണ് ബ്രെഡ് അല്ലെങ്കിൽ റൊട്ടി. ബ്രേക്ഫാസ്റ്റ് ഉണ്ടാക്കാൻ സമയമില്ലാതെ വരുമ്പോൾ ആദ്യം ബ്രെഡിനെയാണ് ആശ്രയിക്കുന്നത്. പല രുചിയിൽ തയാറാക്കിയാൽ കുട്ടികൾക്കും ഏറെ ഇഷ്ടമാകും. അധികദിവസം ബ്രെഡ് സൂക്ഷിക്കാൻ പറ്റില്ല എന്നതുതന്നെയാണ് മറ്റൊരു പ്രശ്നം. വളരെ പെട്ടെന്ന് ബ്രെഡ് കേടായി പോകുന്നത് കൊണ്ട് വാങ്ങിയാൽ വേഗം കഴിച്ചു തീർക്കുക എന്നല്ലാതെ മറ്റ് വഴിയില്ല. അതിൽ മൈദ, യീസ്റ്റ്, വെള്ളം എന്നിവ മാത്രമേ അടങ്ങിയിട്ടുള്ളൂ എന്നതിനാൽ, മിക്കവാറും പെട്ടെന്ന് പഴകുകയും ചെയ്യും. അപ്പോൾ പിന്നെ എന്തു ചെയ്യും ബ്രെഡ് കുറച്ചുകാലം കൂടി കേടുകൂടാതെ സൂക്ഷിക്കാൻ വല്ല വഴിയുണ്ടോ എന്നാണ് നിങ്ങളുടെ ചോദ്യമെങ്കിൽ വഴിയുണ്ട് എന്ന് തന്നെയാണ് ഉത്തരവും. ബ്രെഡിന്റെ ഫ്രഷ്നസ് നിലനിർത്തി കുറച്ചുനാളുകൾ കൂടി അത് സൂക്ഷിച്ചുവയ്ക്കാൻ ചില പൊടിക്കൈകൾ ചെയ്യാം.
ഫ്രീസർ
അതെ, ഫ്രീസർ മിക്കപ്പോഴും ദീർഘകാല ഭക്ഷണ സംഭരണത്തിനാണ് ഉപയോഗിക്കുന്നത്. എങ്കിൽ ബ്രെഡും കുറച്ചുനാൾ കേടുകൂടാതെ ഇരിക്കാൻ ഫ്രീസറിൽ വയ്ക്കുന്നതാണ് നല്ലത്. ഫ്രീസറിൽ സൂക്ഷിക്കുകയാണെങ്കിൽ ബ്രെഡിന് പൂപ്പൽ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ഫ്രീസറിൽ നിന്നും എടുത്ത് നേരിട്ട് ബ്രഡ് നമുക്ക് ഉപയോഗിക്കാവുന്നതാണ്. തണുപ്പ് പോകാൻ ആവി കേറ്റിയാൽ മതിയാകും.
പേപ്പർ കവർ
ബ്രെഡ് കേടുകൂടാതെ സൂക്ഷിക്കാൻ സഹായിക്കുന്ന മറ്റൊരു വഴിയാണ് പേപ്പർ കവർ. കടയിൽ നിന്നും വാങ്ങുമ്പോൾ പ്ലാസ്റ്റിക് കവറിലാണല്ലോ ബ്രെഡ് ലഭിക്കുക. ആ കവറിൽ നിന്നും മാറ്റി പേപ്പർ ബാഗിലേക്ക് ബ്രെഡ് മാറ്റിയാൽ കുറച്ചു ദിവസങ്ങൾ കൂടി അത് കേടുകൂടാതെ ഇരിക്കും. പേപ്പർ ബാഗിൽ ആയതിനാൽ ബ്രെഡിന്റെ ഈർപ്പം വലിച്ചെടുത്ത് അതിന് പൂപ്പൽ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.
ബ്രെഡ് ബോക്സ്
ബ്രെഡ് ഒരു വായു കടക്കാത്ത ബോക്സിൽ ഇട്ടു വച്ചാലും കുറച്ചുനാൾ കേടുകൂടാതെ സൂക്ഷിക്കാൻ പറ്റും. ബ്രെഡ് സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ബോക്സിൽ അധികം വായു സഞ്ചാരം ഉണ്ടാകാതെ ശ്രദ്ധിക്കണം. അതുപോലെ ഈർപ്പവും ഉണ്ടാകാൻ പാടില്ല. ഈസ്റ്റ് ചേർത്ത് ഉണ്ടാക്കുന്നതിനാൽ തന്നെ ബ്രെഡ് പെട്ടെന്ന് കേടാകും.
മേൽപ്പറഞ്ഞ വഴികളിലൂടെ ബ്രെഡ് കേടുകൂടാതെ സൂക്ഷിക്കാൻ പറ്റുമെങ്കിലും കടയിൽ നിന്നും വാങ്ങുന്ന റൊട്ടി ഉടനെ തന്നെ കഴിക്കുന്നതാണ് നല്ലത്. രണ്ടുദിവസത്തിൽ കൂടുതൽ ബ്രെഡ് സൂക്ഷിക്കുന്നത് ആരോഗ്യത്തിനും നല്ലതുമല്ല.
There is no ads to display, Please add some