കാഞ്ഞിരപ്പള്ളി: ജനങ്ങളെ ഭീതിയിലാഴ്ത്തി കാഞ്ഞിരപ്പള്ളി മേഖലയിൽ ഭൂമിക്കടിയിൽ നിന്ന് വീണ്ടും മുഴക്കവും ശബ്ദവും.
ചേനപ്പാടി ഭാഗത്ത് ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. വലിയ രീതിയിൽ ശബ്ദം അനുഭവപ്പെട്ടതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിലും സമാന രീതിയിൽ ശബ്ദം കേട്ടിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. കൂടുതല്‍ പരിശോധനയ്ക്കായി നാഷണല്‍ സെന്റര്‍ ഫോര്‍ സയന്‍സ് ഉദ്യോഗസ്ഥര്‍ എത്താന്‍ ഇരിക്കെയാണ് വീണ്ടും പ്രദേശത്ത് മുഴക്കം അനുഭവപ്പെട്ടത്.
അതേസമയം തുടർച്ചയായി ഇങ്ങനെ സംഭവിക്കുന്നത് ജനങ്ങൾക്കിടയിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്നും, തങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട അധികാരികൾ വ്യക്തമായ മറുപടി നൽകണമെന്നും നാട്ടുകാർ പറയുന്നു.
