തിരുവനന്തപുരം:കേരളത്തിൽ വരുംദിവസങ്ങളിൽ അതിതീവ്രമഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഞായറാഴ്ചയും തിങ്കളാഴ്ചയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 20 സെന്റീമീറ്ററിൽക്കൂടുതൽ പെയ്യുന്ന അതിതീവ്രമഴയ്ക്ക് നൽകുന്നതാണ് റെഡ് അലർട്ട്.
ചൊവ്വാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും ഇവിടങ്ങളിൽ ചുവപ്പ് മുന്നറിയിപ്പിന് തുല്യമായ അതിതീവ്രമഴ പെയ്യാനും സാധ്യതയുണ്ട്.
22 വരെ പല ജില്ലകളിലും തീവ്രമഴ പെയ്യാം. 21-നും 22-നും കേരളം മുഴുവൻ തീവ്രമോ, അതിശക്തമോ ആയ മഴപെയ്യാൻ സാധ്യതയുണ്ട്.തെക്കൻ തമിഴ്‌നാടിന്റെ ഉൾഭാഗത്ത് അന്തരീക്ഷച്ചുഴിയുണ്ട്. ഇത് തെക്കൻ ജില്ലകളിൽ, പ്രത്യേകിച്ച് മലയോര പ്രദേശങ്ങളിൽ കനത്തമഴയ്ക്ക് കാരണമാകും.
22-ന് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഈ സീസണിലെ ആദ്യത്തെ ന്യൂനമർദമാണിത്. ഇത് വടക്കുകിഴക്കായി സഞ്ചരിച്ച് ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്ത് തീവ്രന്യൂനമർദമായേക്കും. ഇത് ചുഴലിക്കാറ്റായി രൂപപ്പെടുമോ എന്ന് വ്യക്തമല്ല. കാലവർഷം 31-ന് കേരളത്തിൽ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

