ജൊഹന്നസ്‌ബര്‍ഗ്: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ വീണ്ടും അപ്രതീക്ഷിത ട്വിസ്റ്റ്! സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ നാടകീയ വിരമിക്കലിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കി മറ്റൊരു വിക്കറ്റ് കീപ്പറും.

32കാരനായ സ്റ്റാർ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹെൻറിച്ച് ക്ലാസനാണ് ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിക്കറ്റ് ലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചത്. 2019നും 2023നും ഇടയിലായി നാല് ടെസ്റ്റുകളിലാണ് ക്ലാസൻ പ്രോട്ടീസിനെ പ്രതിനിധീകരിച്ചത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ക്ലാസന്‍ തുടര്‍ന്നും കളിക്കും.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 85 മത്സരങ്ങളില്‍ 46.09 ശരാശരി എന്ന മോശമല്ലാത്ത ബാറ്റിംഗ് റെക്കോര്‍ഡുണ്ടായിട്ടും ടെസ്റ്റ് ടീമില്‍ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ നിഴലിലായിപ്പോയി ഹെന്‍റിച്ച് ക്ലാസന്‍. 2019ലെ ഇന്ത്യന്‍ പര്യടനത്തില്‍ റാഞ്ചിയിലാണ് ക്ലാസന്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. ഇതിന് ശേഷം നാല് വര്‍ഷത്തോളം നീണ്ട ഇടവേള കഴിഞ്ഞ് 2023ലാണ് പിന്നീട് താരം ടെസ്റ്റ് കുപ്പായം അണിഞ്ഞത്.

2023ല്‍ സിഡ്‌നി, സെഞ്ചൂറിയന്‍, ജൊഹന്നസ്‌ബര്‍ഗ് എന്നിവിടങ്ങളില്‍ കളിച്ചു. എന്നാല്‍ ടീമില്‍ നില്‍ക്കാന്‍ മതിയായ ഫോമിലേക്ക് ഉയരാന്‍ കഴിയാതെ പോയ താരത്തിന് നാല് ടെസ്റ്റില്‍ 35 ഉയര്‍ന്ന സ്കോറോടെ ആകെ 104 റണ്‍സേ സമ്പാദ്യമായി കൂട്ടിച്ചേര്‍ക്കാനായുള്ളൂ. ഇതോടെ ക്ലാസന് പകരം കെയ്‌ല്‍ വെരൈന്‍ വിക്കറ്റ് കീപ്പറായി പ്ലേയിംഗ് ഇലവനിലെത്തിയിരുന്നു.

2023ല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയ ഹെന്‍റിച്ച് ക്ലാസന്‍ ഏകദിനത്തിലും ട്വന്‍റി 20യിലും ഇനി ശ്രദ്ധ കേന്ദ്രീകരിക്കും. ‘ഉറക്കം നഷ്ടമായ കുറച്ച് ദിവസങ്ങളിലെ ആലോചനകള്‍ക്ക് ശേഷം ഞാന്‍ ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കാനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്.
ഏറ്റവും ഫേവറൈറ്റായ ഫോര്‍മാറ്റാണ് എന്നതിനാല്‍ ഏറെ പ്രയാസപ്പെട്ടാണ് ഈ തീരുമാനം കൈക്കൊണ്ടത്. ടെസ്റ്റ് തൊപ്പിയാണ് എനിക്ക് ലഭിച്ച ഏറ്റവും മഹത്തായ പൊന്‍തൂവല്‍. ടെസ്റ്റില്‍ രാജ്യത്തെ പ്രതിനിധീകരിക്കാനായതില്‍ സന്തോഷമുണ്ട്. ടെസ്റ്റ് കരിയറില്‍ ഭാഗവാക്കായ എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നു’ എന്നും ക്ലാസന്‍ വിരമിക്കല്‍ സന്ദേശത്തില്‍ കുറിച്ചു.
