പതിനെട്ടിനും അമ്പതിനും ഇടയിൽ പ്രായമുള്ളവരാണോ നിങ്ങൾ, എങ്കിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 436 രൂപ ഇതിനകം പിടിച്ചിരിക്കും. ഇതുവരെ പിടിച്ചില്ലെങ്കിൽ ഈ മാസം അവസാനിക്കും മുമ്പ് പിടിച്ചിരിക്കും. ഇത് ഏത് ഇടപാടെന്ന് ആലോചിച്ച് തലപുകയ്ക്കണ്ട. നിങ്ങൾക്കും കുടുംബത്തിനും ഏറെ നേട്ടമുള്ള ഒന്നാണിത്. ഇത്രയും തുക പിടിക്കാൻ നിങ്ങൾ അനുവാദം നൽകിയിട്ടുമുണ്ട്.

പ്രധാൻമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (പിഎംജെജെബിവൈ) എന്ന ഇൻഷുറൻസ് പദ്ധതിയുടെ വാർഷിക പ്രീമിയമാണ് നിങ്ങളുട‌െ അക്കൗണ്ടിൽ നിന്ന് പിടിച്ചിരിക്കുന്നത്. പോയത് വെറും 436 രൂപയാണെങ്കിലും കിട്ടുന്ന നേട്ടം ഒട്ടും ചെറുതല്ല. ഇതിൽ അംഗമാകുന്നവർക്ക് അപ്രതീക്ഷിതമായി മരണം സംഭവിക്കുകയാണെങ്കിൽ കുടുംബത്തിന് രണ്ടുലക്ഷം രൂപവരെ ലൈഫ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. രാജ്യത്തെ ഒട്ടുമിക്ക ബാങ്കുകളും തങ്ങളുടെ ഉപയോക്താക്കൾക്ക് ഈ സേവനം നൽകുന്നുണ്ട്.

പ്രധാൻമന്ത്രി ജീവൻ ജ്യോതി ബീമാ യോജന പദ്ധതിയുടെ ഒരുവർഷത്തെ പ്രീമിയം തുകയാണ് 436 രൂപ. ഈ തുക ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റ് ആയി പിടിക്കുകയാണ് ചെയ്യുന്നത്. എല്ലാവർഷവും മേയ് മാസത്തിലാണ് ഈ തുക അക്കൗണ്ടിൽ നിന്ന് നഷ്ടമാകുന്നത്. പ്രീമിയം അടയ്ക്കാൻ ഏതെങ്കിലും കാരണവശാൽ വിട്ടുപോയാൽ അതുമൂലം ഇൻഷുറൻസ് സേവനം നഷ്ടമാവാൻ ഇടവരും. അതിനാലാണ് ഓട്ടോ ഡെബിറ്റ് സംവിധാനം വഴി പണം പിടിക്കുന്നത്. ഇത്രയും തുക അക്കൗണ്ടിൽ നിന്ന് പിടിക്കുമെന്ന് അറിയിപ്പ് നിങ്ങൾക്ക് ബാങ്കിൽ നിന്ന് നേരത്തേ ലഭിച്ചിട്ടുണ്ടായിരിക്കും.

ഇനി നിങ്ങൾക്ക് ഇത്തരമൊരു പദ്ധതിയിൽ തുടരാൻ താൽപര്യമില്ലെങ്കിൽ അതിൽനിന്ന് പിന്മാറാനും കഴിയും. ഏത് ബാങ്കാണോ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് പദ്ധതിക്കുവേണ്ടി തുക പിടിച്ചത് ആ ബാങ്കിന്റെ ശാഖയുമായി ബന്ധപ്പെടണം. അല്ലെങ്കിൽ അവരുടെ വെബ്‌സൈറ്റിലെ ഓപ്ഷനുകൾ ഉപയോഗിച്ച് പദ്ധതിയിൽ നിന്ന് പിന്മാറാം.

Leave a Reply

Your email address will not be published. Required fields are marked *