ഇന്നലെ ഈ വീട്ടിൽ നിന്നാണ് കളിച്ചു ചിരിച്ച് 3 വയസുകാരി കല്യാണി അങ്കണവാടിയിലേക്ക് പോയത്. നേരത്തോട് നേരം കഴിഞ്ഞ് ഈ വീട്ടിലേക്ക് ചേതനയറ്റ് തിരികെ വരുമെന്ന് അവളറിഞ്ഞില്ല. സ്വന്തം അമ്മയാകും അതിന് കാരണക്കാരിയാകുന്നതെന്നും. ഇന്നലെയാണ് അമ്മ സന്ധ്യ അങ്കണവാടിയിൽ നിന്നും കൂട്ടിക്കൊണ്ടുപോയ ഈ കുരുന്നിനെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയത്.

തിരുവാങ്കുളത്തെ വീട്ടിൽ പൊതുദർശനം പൂർത്തിയാക്കി പൊതുശ്മശാനത്തിൽ കല്യാണിയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. തിരുവാങ്കുളത്തെ വീട്ടിൽ കല്യാണിയുടെ ചേതനയറ്റ കുഞ്ഞുശരീരമെത്തിയപ്പോൾ നൂറ് കണക്കിന് ആളുകളാണ് അവസാനമായി അവളെ കാണാനെത്തിയത്. പൊതുദർശനത്തിനെത്തിയവർ കരച്ചിലടക്കാൻ പാടുപെടുന്ന കാഴ്ചയാണ് അവിടെ കണ്ടത്.

എട്ട് മണിക്കൂർ നേരത്തെ തെരച്ചിലിനൊടുവിലാണ് കല്യാണിയുടെ മൃതദേഹം ചാലക്കുടിപ്പുഴയുടെ ആഴങ്ങളിൽ നിന്ന് കണ്ടെടുത്തത്. അങ്കണവാടിയിൽ നിന്നും കൂട്ടിക്കൊണ്ടുപോയ അമ്മ സന്ധ്യ കല്യാണിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. സന്ധ്യ കുറ്റം സമ്മതിച്ചതായി റൂറൽ എസ് പി ഹേമലത അറിയിച്ചു. അവരെ വിശദമായി ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥർ വ്യക്തമക്കി. അതേ സമയം കൊലപാതക കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. അടുത്ത ബന്ധുക്കളെ ഉൾപ്പെടെ ചോദ്യം ചെയ്യുമെന്നും എസ്പി പറഞ്ഞു.
