തിരുവനന്തപുരം: ഓണാഘോഷത്തിനിടെ മദ്യപിച്ച് ജോലിയിൽ വീഴ്ച വരുത്തിയ 3 പൊലീസ് ഓഫീസർമാർക്ക് സസ്പെൻഷൻ. അരുവിക്കര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ അച്ചു ശങ്കർ, പ്രശാന്ത്, അനിൽകുമാർ എന്നിവർക്കെതിരെയാണ് അച്ചടക്ക നടപടി.

അടിച്ചു ഫിറ്റായി ഓണം ആഘോഷിക്കുന്നതിനിടെ സ്റ്റേഷനിലെത്തിയ പൊലീസ് മേധാവിയെ കണ്ട് ഒരാൾ ഇറങ്ങിയോടി. മറ്റ് രണ്ട് പേർ സല്യൂട്ട് ചെയ്യാൻ പോലും മറന്നു. പിന്നാലെയാണ് ജോലിയിൽ വീഴ്ച വരുത്തിയ 3 പേരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

അരുവിക്കര സ്റ്റേഷനിൽ ഞായറാഴ്ച നടന്ന ഓണാഘോഷത്തിലാണ് 3 പൊലീസുകാർ മദ്യലഹരിയിൽ പങ്കെടുത്തത്. ഇതിനിടെ റൂറൽ ജില്ലാ പൊലീസ് മേധാവി പ്രശാന്തൻ കാണി സ്റ്റേഷനിൽ മിന്നൽ സന്ദർശനത്തിനെത്തി. മേലുദ്യോഗസ്ഥനെ കണ്ടതിന്റെ പരിഭ്രാന്തിയിൽ പൊലീസുകാർ സല്യൂട്ട് ചെയ്യാൻ പോലും മറന്നു.

പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ എസ്പി ഇവരെ ചോദ്യം ചെയ്യുന്നതിനിടെയാണ് മൂന്നാമൻ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയത്. മദ്യപിച്ചിട്ടുണ്ടോയെന്ന് എസ്പി ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു പൊലീസുകാരുടെ മറുപടി. മറ്റു കേസുകളൊന്നും ഇല്ലാത്തതിനാൽ പൊലീസുകാരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയില്ല. മദ്യപിച്ച് ജോലിയിൽ വീഴ്ച വരുത്തിയെന്ന പേരിലാണ് സസ്പെൻഷൻ.

Leave a Reply

Your email address will not be published. Required fields are marked *