തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലുള്ള കാലപ്പഴക്കം ചെന്നതും അപകടാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങൾക്കെതിരെ ശക്തമായ സുരക്ഷാ നടപടികളുമായി യുഡിഎഫ് നേതൃത്വത്തിലുള്ള പുതിയ കോർപ്പറേഷൻ കൗൺസിൽ. നഗരത്തിൽ പൊതുജനങ്ങളുടെ ജീവന് ഭീഷണിയുയർത്തുന്ന 268 കെട്ടിടങ്ങളാണ് നിലവിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ അത്യന്തം അപകടകരമായ അവസ്ഥയിലുള്ള 15 കെട്ടിടങ്ങൾ അടിയന്തിരമായി പൊളിച്ചുനീക്കാൻ ഉടമകൾക്ക് കോർപ്പറേഷൻ 15 ദിവസത്തെ അന്ത്യശാസനംനൽകിയിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി, പ്രത്യേകിച്ച് കാലവർഷ സമയങ്ങളിൽ തൃശ്ശൂർ നഗരത്തെ ഭീതിയിലാഴ്ത്തുന്ന പ്രധാന പ്രശ്നമാണ് ജീർണ്ണാവസ്ഥയിലുള്ള ഈ കെട്ടിടങ്ങൾ. മുൻപ് കോവിഡ് ലോക്ക്ഡൗൺ സമയത്ത് ഹൈറോഡിലുള്ള ഒരു പഴയ കെട്ടിടം പൂർണ്ണമായും തകർന്നുവീണിരുന്നു. അന്ന് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നിലവിലുണ്ടായിരുന്നതിനാലാണ് വലിയൊരു ദുരന്തവും ജീവഹാനിയും ഒഴിവായത്.
ഇതുകൂടാതെ ഹൈറോഡിലും സ്വരാജ് റൗണ്ടിലുമായി മറ്റ് രണ്ട് കെട്ടിടങ്ങൾ ഭാഗികമായും തകർന്നിരുന്നു. മുൻപ് ഭരണത്തിലിരുന്ന എൽഡിഎഫ് നേതൃത്വത്തിലുള്ള കോർപ്പറേഷൻ ഭരണകൂടം ഈ കെട്ടിടങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും തുടർനടപടികളോ കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള ശ്രമങ്ങളോ നടത്തിയിരുന്നില്ല. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മറ്റ് കെട്ടിട ഉടമകൾക്ക് മുന്നറിയിപ്പായി സ്വരാജ് റൗണ്ടിലെ ഒരു പഴയ കെട്ടിടം പൊളിച്ചതൊഴിച്ചാൽ മറ്റ് നടപടികളൊന്നും ഉണ്ടായില്ല. എന്നാൽ പുതിയ കൗൺസിൽ അധികാരമേറ്റതോടെ നോട്ടീസ് നടപടികളിൽ നിന്നും നേരിട്ടുള്ള പൊളിക്കൽ ഘട്ടത്തിലേക്ക് കടക്കുകയാണ്.

