കേരളത്തിലെ മഴ മുന്നറിയിപ്പ് സൂചിപ്പിക്കുന്ന ചിത്രം.

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച വരെ വിവിധ ജില്ലകളിൽ മഴ തുടരാനാണ് സാധ്യത. ഇതിന്റെ ഭാഗമായി കോട്ടയം ഉൾപ്പെടെയുള്ള അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം എന്നിവയാണ് ഇന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ള മറ്റ് ജില്ലകൾ.

വ്യാഴാഴ്ച കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ടായിരിക്കും. തെക്കൻ കേരളത്തിന് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയും തമിഴ്നാട് മുതൽ രായലസീമ വരെയുള്ള ന്യൂനമർദപാത്തിയുമാണ് മഴയ്ക്ക് കാരണമാകുന്നത്. ഇടിമിന്നലിനൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Leave a Reply

Your email address will not be published. Required fields are marked *