എരുമേലി: ലോക പരിസ്ഥിതിദിനത്തിൽ വാക്കുകളിലല്ല, പ്രവൃത്തിയിലാണ് തങ്ങളുടെ പരിസ്ഥിതി സ്നേഹമെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു കൂട്ടം സ്കൂൾ വിദ്യാർത്ഥികൾ. കനത്ത മഴയിൽ കൂടുവിട്ട് താഴെ വീണ് അവശനിലയിലായ കിളിക്കുഞ്ഞിന് രക്ഷകരായി മാറിയിരിക്കുകയാണ് എരുമേലി സെന്റ് തോമസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ.ഇന്ന് രാവിലെ പെയ്ത കനത്ത മഴയിലാണ് സ്കൂൾ പരിസരത്ത് നനഞ്ഞു കുതിർന്ന നിലയിൽ കിളിക്കുഞ്ഞ് വീണുകിടന്നത്.

ഇതുകണ്ട വിദ്യാർത്ഥികൾ ഒട്ടും മടിക്കാതെ കുഞ്ഞിനെ കൈകളിലെടുക്കുകയും ആവശ്യമായ പരിചരണവും ചൂടും നൽകി പരിചരിക്കുകയുമായിരുന്നു. കുട്ടികളുടെ സ്നേഹപൂർവ്വമായ പരിചരണത്തിനൊടുവിൽ ആരോഗ്യം വീണ്ടെടുത്ത കിളിക്കുഞ്ഞ് പിന്നീട് പ്രകൃതിയിലേക്ക് തന്നെ സന്തോഷത്തോടെ പറന്നുപോയി.ഈ ഭൂമി മനുഷ്യന് മാത്രം അവകാശപ്പെട്ടതല്ലെന്നും, എല്ലാ ജീവജാലങ്ങൾക്കും ഇവിടെ തുല്യ അവകാശമുണ്ടെന്നുമുള്ള വലിയൊരു സന്ദേശമാണ് ഈ കൊച്ചു മിടുക്കന്മാർ തങ്ങളുടെ പ്രവൃത്തിയിലൂടെ സമൂഹത്തിന് നൽകിയത്.

വിദ്യാർത്ഥികളുടെ ജീവജാലങ്ങളോടുള്ള ഈ കരുതലും പരിസ്ഥിതി ബോധവും അധ്യാപകരുടെയും നാട്ടുകാരുടെയും വലിയ പ്രശംസ പിടിച്ചുപറ്റി. പരിസ്ഥിതിദിനത്തിന്റെ യഥാർത്ഥ സന്ദേശം ഉൾക്കൊണ്ടുള്ള കുട്ടികളുടെ ഈ കൊച്ചു വലിയ പ്രവർത്തി മറ്റുള്ളവർക്കും ഒരു മികച്ച മാതൃകയായി മാറിയിരിക്കുകയാണ്.

