ട്രെയിനില്‍ എന്തെങ്കിലും നഷ്ടപ്പെട്ടാല്‍ പിന്നെ തിരികെ കിട്ടുമോ എന്ന ആശങ്ക ഇനി വേണ്ട. ട്രെയിന്‍ യാത്രയ്ക്കിടയില്‍ വിലപിടിപ്പുള്ള വസ്തുക്കളോ ലഗേജോ വച്ച് മറന്നാല്‍ അത് തിരികെ ലഭിക്കാനുള്ള ക്രമീകരണങ്ങള്‍ റെയില്‍വേ തന്നെ ഒരുക്കിയിട്ടുണ്ട്.

ആദ്യം ഹെൽപ് ലൈൻ നമ്പറില്‍ വിളിക്കുക: ഉടന്‍ തന്നെ 139 എന്ന റെയില്‍വേ സംയോജിത ഹെല്‍പ്ലൈന്‍ നമ്പറിലേക്ക് വിളിക്കുക. ഇതിലെ എമര്‍ജന്‍സി ഓപ്ഷന്‍ തെരഞ്ഞെടുത്ത് ട്രെയിന്‍ നമ്പര്‍, കോച്ച്, സീറ്റ് നമ്പര്‍, സാധനം വെച്ചുപോയ സ്ഥലം എന്നിവ വ്യക്തമാക്കുക.

ട്രെയിനിലെ ജീവനക്കാരെ അറിയിക്കുക: ട്രെയിനില്‍ യാത്ര ചെയ്തുകൊണ്ടിരിക്കുകയാണെങ്കില്‍ ടിടിഇ, ട്രെയിന്‍ ഗാര്‍ഡ് അല്ലെങ്കില്‍ ട്രെയിനിലുള്ള ആര്‍പിഎഫ് ഉദ്യോഗസ്ഥരെ നേരിട്ട് വിവരം അറിയിക്കുക. അവര്‍ക്ക് കണ്‍ട്രോള്‍ റൂം വഴി അടുത്ത സ്റ്റേഷനിലേക്ക് സന്ദേശം അയക്കാന്‍ സാധിക്കും.

സ്റ്റേഷന്‍ അധികൃതരെ സമീപിക്കുക: സ്റ്റേഷനില്‍ ഇറങ്ങിയ ശേഷമാണ് ഇതറിഞ്ഞതെങ്കില്‍, ഒട്ടും സമയം കളയാതെ അവിടുത്തെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഓഫീസിലോ സ്റ്റേഷന്‍ മാസ്റ്ററുടെ അടുത്തോ ചെന്ന് പരാതി നല്‍കുക.

ഓണ്‍ലൈനായും പരാതി നല്‍കാം: റെയില്‍വേയുടെ ഔദ്യോഗിക പരാതി പരിഹാര സംവിധാനമായ RailMadad വെബ്സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ ഓണ്‍ലൈനായി ലഗേജ് നഷ്ടപ്പെട്ട വിവരം റിപ്പോര്‍ട്ട് ചെയ്യാം.

‘ഓപ്പറേഷന്‍ അമാനത്ത്’: ഇന്ത്യന്‍ റെയില്‍വേയുടെ ആര്‍പിഎഫ് (RPF) വിഭാഗം കണ്ടെത്തുന്ന ഉടമസ്ഥരില്ലാത്ത സാധനങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുകയും അവയുടെ ചിത്രങ്ങളും വിവരങ്ങളും റെയില്‍വേയുടെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ ലഭ്യമാക്കാറുമുണ്ട്. ‘Operation Amanat’ എന്ന പേരിലാണ് ആര്‍പിഎഫ് നടപടി സ്വീകരിച്ചിരിക്കുന്നത്. യാത്രാ സോണിന്റെ വെബ്സൈറ്റിലോ ആര്‍പിഎഫ് വെബ്സൈറ്റിലോ പോയി ‘Lost and Found’ അല്ലെങ്കില്‍ ‘Operation Amanat’ ലിങ്ക് പരിശോധിച്ച് സാധനങ്ങള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പുവരുത്താം.ട്രെയിന്‍ യാത്ര പൂര്‍ത്തിയാക്കി അവസാന സ്റ്റേഷനില്‍ എത്തുമ്പോള്‍ കണ്ടെത്തുന്ന ലഗേജുകള്‍ അവിടുത്തെ ‘Lost Property Office’ (LPO) അല്ലെങ്കില്‍ പാഴ്സല്‍ ഓഫീസിലേക്ക് മാറ്റും. സാധനം കണ്ടെത്തിക്കഴിഞ്ഞാല്‍, ഒറിജിനല്‍ ട്രെയിന്‍ ടിക്കറ്റ്, ആധാര്‍ കാര്‍ഡ് പോലുള്ള കൃത്യമായ തിരിച്ചറിയല്‍ രേഖകള്‍ എന്നിവ ഹാജരാക്കി ബോധ്യപ്പെടുത്തി അത് കൈപ്പറ്റാം.

Leave a Reply

Your email address will not be published. Required fields are marked *