നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഭരണം ഉറപ്പിച്ചതോടെ, കോണ്‍ഗ്രസില്‍ നിന്ന് ആരെയാണ് മുഖ്യമന്ത്രിയാക്കേണ്ടത് എന്നതിനെ സംബന്ധിച്ച് മെയ് 10ന് തീരുമാനമെടുക്കും. ഇതിനായി ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തുന്നതിനായി കോണ്‍ഗ്രസ് നേതാക്കള്‍ മെയ് ഏഴിന് ഡല്‍ഹിക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നിലവില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഏറ്റവും കൂടുതല്‍ പരിഗണിക്കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പേരാണ്. വി ഡി സതീശന്റെ നേതൃത്വത്തിലാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. യുഡിഎഫിന് വലിയ വിജയം നേടി കൊടുക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ച വ്യക്തി എന്ന നിലയില്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് വി ഡി സതീശന്റെ പേരിന് നറുക്ക് വീഴുമെന്ന് തന്നെയാണ് എല്ലാവരും കരുതുന്നത്.

വി ഡി സതീശന് പുറമേ മുന്‍ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ് ചെന്നിത്തലയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പറഞ്ഞു കേട്ടിരുന്നു. മുഖ്യമന്ത്രി ആര് എന്നതിനെ സംബന്ധിച്ച് തര്‍ക്കം ഉടലെടുത്താല്‍ ഒത്തുതീര്‍പ്പ് എന്ന നിലയില്‍ കെ സി വേണുഗോപാലന്റെ പേരും ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നിരുന്നു.എന്നാല്‍ കേരളത്തില്‍ യുഡിഎഫ് തരംഗം ആഞ്ഞുവീശിയ പശ്ചാത്തലത്തില്‍ വിജയത്തിന് ചുക്കാന്‍ പിടിച്ച നേതാവ് എന്ന നിലയില്‍ വി ഡി സതീശന്‍ തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Leave a Reply

Your email address will not be published. Required fields are marked *