കേരള നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍, പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ് ശക്തി തെളിയിച്ചു. എട്ടിടത്ത് മത്സരിച്ച കേരള കോണ്‍ഗ്രസ് പിജെ ജോസഫ് വിഭാഗം ഏഴിടത്താണ് ലീഡ് ചെയ്യുന്നത്. ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശ്ശേരി, കുട്ടനാട്, തിരുവല്ല മണ്ഡലങ്ങളിലാണ് പി ജെ ജോസഫിന്റെ കേരള കോണ്‍ഗ്രസ് മുന്നില്‍ നില്‍ക്കുന്നത്.

അതേസമയം ഇടതുമുന്നണിയിലുള്ള കേരള കോണ്‍ഗ്രസ് ( എം) ദയനീയ തിരിച്ചടിയാണ് നേരിട്ടത്. 12 സീറ്റില്‍ മത്സരിച്ച കേരള കോണ്‍ഗ്രസ് (എം ) ന് ഒരു സീറ്റിലും ലീഡ് നേടാനായില്ല. കഴിഞ്ഞ തവണ അഞ്ചു സീറ്റുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് എമ്മാണ് ഇത്തവണ പൂജ്യത്തിലേക്ക് കൂപ്പുകുത്തിയത്. പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയും, ഇടുക്കിയില്‍ മന്ത്രി റോഷി അഗസ്റ്റിനും യുഡിഎഫ് കൊടുങ്കാറ്റില്‍ അടിപതറി.

പാലായില്‍ വോട്ടെണ്ണലിന്റെ തുടക്കം മുതലേ യുഡിഎഫിന്റെ മാണി സി കാപ്പന്‍ മുന്നേറ്റം തുടരുകയാണ്. കഴിഞ്ഞ തവണയും പാലായില്‍ പരാജയം നേരിട്ട ജോസ് കെ മാണിക്ക് ഇത്തവണ രാഷ്ട്രീയ നിലനില്‍പ്പിന് വിജയം അനിവാര്യമായിരുന്നു. ഇടുക്കിയില്‍ ഡിസിസി മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ റോയ് കെ പൗലോസാണ് മുന്നിട്ടു നില്‍ക്കുന്നത്. ചീഫ് വിപ്പ് ജയരാജിന്റെ കാഞ്ഞിരപ്പള്ളിയിലും യുഡിഎഫാണ് മുന്നിട്ടു നില്‍ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *