നിയമസഭാ തെരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേരളത്തിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു കേല്‍ക്കറാണ് വാര്‍ത്താക്കുറിപ്പിലൂടെ പട്ടിക പ്രസിദ്ധീകരിച്ച വിവരം അറിയിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.ceo.kerala.gov.in എന്ന വിലാസത്തില്‍ പൊതുജനങ്ങള്‍ക്ക് വോട്ടര്‍ പട്ടിക പരിശോധിക്കാം. വെബ്സൈറ്റിന് പുറമെ താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ (BLO) കൈവശവും സൂക്ഷ്മപരിശോധനയ്ക്കായി അന്തിമ പട്ടിക ലഭ്യമാക്കും. അന്തിമപട്ടിക അനുസരിച്ച് സംസ്ഥാനത്ത് ആകെ 2,71,42,952 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,332,20,811 പുരുഷന്മാരും 1,39,21,868 സ്ത്രീകളും 273 ട്രാന്സ്ജെന്റര് വിഭാഗത്തില്‍ പെട്ടവരുമാണ്. 18-19 പ്രായപരിധിയിലുള്ള 4,66,408 വോട്ടര്‍മാരാണുള്ളത്. 40-49 പ്രായപരിധിയിലാണ് വോട്ടര്‍മാര്‍ കൂടുതലുള്ളത് – 56,32,036 പേര്. 100-109 പ്രായമുള്ള 1501 വോട്ടര്‍മാരും 110-119 പ്രായപരിധിയിലുള്ള 54 പേരുമുണ്ട്.
അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താലൂക്ക് ഓഫീസുകളില്‍ നിന്ന് വോട്ടര്‍ പട്ടിക കൈപ്പറ്റി പരിശോധനകള്‍ നടത്താമെന്നും തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. മാര്‍ച്ച് 15-നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.
ഏപ്രില്‍ 9-ന് നടക്കുന്ന വോട്ടെടുപ്പിനായി സംസ്ഥാനത്തുടനീളം 30,471 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. മെയ് 4-നാണ് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് അധികൃതര്‍ അറിയിച്ചു.

