മോശം നെറ്റ്വര്‍ക്ക് കവറേജുള്ള സ്ഥലത്ത് ഇന്‍സ്റ്റഗ്രാം റീലുകള്‍ ലോഡ് ആകാത്ത അനുഭവം നേരിടാത്തവര്‍ ചുരുക്കമായിരിക്കും. ഇതിന് പരിഹാരമെന്നോണം ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ പോലും ഉപയോക്താക്കളെ റീലുകള്‍ കാണാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്‍സ്റ്റഗ്രാം.

ഇതിനായി മുന്‍കൂട്ടി റീലുകള്‍ ഓട്ടോമാറ്റിക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് സിസ്റ്റം ഒരുക്കുന്നത്. ഇന്റര്‍നെറ്റ് ലഭിക്കുന്ന സ്ഥലത്ത് വച്ച് ഓട്ടോമാറ്റിക്കായി ഡൗണ്‍ലോഡ് ആവുന്ന റീലുകള്‍ മോശം നെറ്റ് വര്‍ക്ക് കവറേജുള്ള സ്ഥലത്ത് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍ വരുന്നത്.

‘Manage offline downloads’ എന്ന പുതിയ സജ്ജീകരണം ഒരുക്കിയാണ് ഈ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുക. ഡൗണ്‍ലോഡ് നിയന്ത്രിക്കാന്‍ കഴിയുന്ന വിധമാണ് സംവിധാനം. ഓട്ടോമാറ്റിക് ഡൗണ്‍ലോഡ് ഓണാക്കാനുള്ള ഒരു ടോഗിളും ഡൗണ്‍ലോഡുകള്‍ വൈ-ഫൈയിലേക്ക് മാത്രം പരിമിതപ്പെടുത്തുന്ന ഒരു ഓപ്ഷനും വന്നേക്കാം.

ഓഫ് ലൈനിൽ എത്ര വീഡിയോകള്‍ സ്‌റ്റോര്‍ ചെയ്ത് സൂക്ഷിക്കണമെന്നതിനെ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഉപയോക്താക്കളെ അനുവദിച്ചേക്കാം. ഒരേ സമയം 10, 30, അല്ലെങ്കില്‍ 50 റീലുകള്‍ എന്നിങ്ങനെ സ്‌റ്റോര്‍ ചെയ്യുന്നതിന് ഓപ്ഷനുകള്‍ വരാം. കൂടാതെ, ഉപയോക്താക്കള്‍ക്ക് ഓഫ്ലൈന്‍ റീലുകള്‍ സാധാരണ ഫീഡില്‍ കാണണോ അതോ ഒരു പ്രത്യേക ഡൗണ്‍ലോഡ് വിഭാഗത്തിലൂടെ കാണണോ എന്നും തെരഞ്ഞെടുക്കാന്‍ കഴിയും. ഓഫ്ലൈന്‍ റീല്‍സ് ഫീച്ചര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇത് പരീക്ഷണ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *