കായംകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പ്രതിഭയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ മുസ്ലീം ലീഗ് നേതാവ് എ ഇര്‍ഷാദിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. ഇര്‍ഷാദിനെ യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയതായും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എച്ച് ബഷീർ കുട്ടിയെ പുതിയ ചെയർമാനായി നിയമിച്ചു. പരാമർശം വലിയ രാഷ്ട്രീയ വിവാദമായതിനെത്തുടർന്നാണ് യുഡിഎഫിന്റെ ഈ അടിയന്തര നടപടി.

എംഎല്‍എ എന്ന നിലയില്‍ യു പ്രതിഭ പരാജയമാണ്, വാക്ചാതുര്യവും ശരീര അഴകും വില്‍പനയ്ക്ക് വച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്നു. രാഷ്ട്രീയ അധികാരം ഉപയോഗിച്ച് കൊണ്ട് എന്തും നടത്തും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് യു പ്രതിഭയെന്നുമായിരുന്നു ലീഗ് നേതാവിന്റെ പരാമര്‍ശങ്ങള്‍.

ഇര്‍ഷാദ് നടത്തിയ സ്ത്രീവിരുദ്ധ പ്രസംഗത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എല്‍ഡിഎഫ് രംഗത്തെത്തി. യു.പ്രതിഭക്ക് എതിരായ പരാമര്‍ശം രാഷ്ട്രീയ സംസ്‌ക്കാരത്തിന്റെ തകര്‍ച്ചയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരു സ്ത്രീയെയും ജനപ്രതിനിധിയെയും ഇത്രയും ഹീനമായ രീതിയില്‍ അധിക്ഷേപിച്ച യുഡിഎഫ് നേതൃത്വം മാപ്പുപറയണമെന്ന് പികെ ശ്രീമതി ആവശ്യപ്പെട്ടു. ഇതിനപ്പുറം ഒരു ലൈംഗിക അതിക്രമം വേറെയുണ്ടോ എന്നും അവര്‍ ചോദിച്ചു.

യുഡിഎഫ് നേതാവിന്റെ പരാമര്‍ശത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യു പ്രതിഭ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ഥിയെ താന്‍ ഒരിക്കലും വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും അത്തരം പരാമര്‍ശം അദ്ദേഹം നടത്താന്‍ പാടില്ലായിരുന്നുവെന്നും പ്രതിഭ പറഞ്ഞു. ‘തെരഞ്ഞെടുപ്പില്‍ ശരീരമല്ല, മനസ്സാണ് ജനം നോക്കുന്നത്. എന്റെ ഹൃദയം കൊടുത്ത സ്ഥലമാണ് കായംകുളം. ആരെയും അങ്ങനെ പറയാന്‍ പാടില്ല’ പ്രതിഭ പറഞ്ഞു.

അതേസമയം യു.പ്രതിഭയ്ക്ക് എതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഇര്‍ഷാദ് ഖേദം പ്രകടിപ്പിച്ചു. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും വാക്കുകളെ അടര്‍ത്തിയെടുത്തു വ്യാഖ്യാനിക്കുന്നതാണെന്നും ഇര്‍ഷാദ് പറഞ്ഞു. തന്റെ സംസാരത്തില്‍ ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ഇര്‍ഷാദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *