പാലക്കാട്: യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കാഞ്ഞിരക്കടവ് റെയില്‍വേ മേല്‍പാലത്തിനു താഴെ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി ആര്‍.മുകേഷിനെയാണ് (22) 9ന് ഉച്ചയ്ക്ക് 12 മണിയോടെ കൊട്ടേക്കാട് കാഞ്ഞിരക്കടവ് പുഴയുടെ സമീപത്തെ ചതുപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് റെയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്.

സംഭവത്തില്‍ മുകേഷിനൊപ്പം ട്രെയിനില്‍ യാത്ര ചെയ്തിരുന്ന അയല്‍വാസിയും സുഹൃത്തുമായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുകേഷിനെ ഇയാള്‍ ട്രെയിനില്‍ നിന്നു തള്ളിയിട്ടതാണെന്നു പൊലീസ് പറഞ്ഞു. മംഗളൂരുവില്‍ റബര്‍തോട്ടത്തില്‍ തൊഴിലാളികളാണ് ഇരുവരും.

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നത്: 8നു രാത്രി പത്തരയോടെ കണ്ണൂര്‍ യശ്വന്ത്പുര എക്‌സ്പ്രസ് കാഞ്ഞിരക്കടവ് മേല്‍പാലത്തില്‍ എത്തിയപ്പോഴാണു സംഭവം. ട്രെയിനില്‍ മുകേഷും കസ്റ്റഡിയിലുള്ള യുവാവും ഇയാളുടെ ഭാര്യയും മകളും യാത്ര ചെയ്യുന്നുണ്ടായിരുന്നു. മകളെ ബെര്‍ത്തില്‍ കാണാതെ വന്നതോടെ യുവാവ് അന്വേഷിച്ചുപോയി. ഇതിനിടെ ട്രെയിനിന്റെ വാതില്‍പടിയില്‍ നിന്നു സംസാരിക്കുന്ന മകളെയും മുകേഷിനെയും കണ്ടു. ദേഷ്യം വന്ന ഇയാള്‍ മുകേഷിനെ ചവിട്ടി തള്ളിയിട്ടു. ട്രെയിന്‍ കോയമ്പത്തൂരില്‍ എത്തിയപ്പോള്‍ യുവാവു തന്നെയാണു തങ്ങളോടൊപ്പം യാത്ര ചെയ്ത മുകേഷിനെ കാണാനില്ലെന്നു കാണിച്ച് റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയത്.

തുടര്‍ന്ന് കോയമ്പത്തൂര്‍ പൊലീസ് പാലക്കാട് ഉള്‍പ്പെടെ ട്രാക്കുകളില്‍ പരിശോധന നടത്തി. പാലക്കാട് റെയില്‍വേ പൊലീസിനും വിവരം കൈമാറി. മുകേഷിന്റെ മൃതദേഹം കണ്ടെത്തിയതോടെ യുവാവിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോഴാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

You missed