‘കേരള സ്റ്റോറി 2′ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയതിനെ തുടർന്നുണ്ടായ ചർച്ചകൾക്കും വിമർശനങ്ങൾക്കുമിടെ, കേരളത്തെക്കുറിച്ചുള്ള തന്റെ യഥാർത്ഥ അനുഭവം പങ്കുവെച്ച് ഉത്തരേന്ത്യൻ വിദ്യാർത്ഥി. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥിയായ അക്ഷയ് രാജ് ആണ്, സിനിമയിൽ കേരളത്തെക്കുറിച്ച് പ്രചരിപ്പിക്കുന്ന വ്യാജ ആരോപണങ്ങളെ തള്ളിപ്പറഞ്ഞ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചത്.

രണ്ടുവർഷമായി കേരളത്തിൽ താമസിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അക്ഷയ് രാജ് തന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചത്. “കേരളത്തിലെ എന്റെ രണ്ട് വർഷത്തെ അനുഭവം” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. തന്റെ ജീവിതത്തിനിടയിൽ ആരെയും ബീഫ് കഴിക്കാൻ നിർബന്ധിക്കുന്നതോ, അല്ലെങ്കിൽ ആരുടെയെങ്കിലും മതവിശ്വാസങ്ങൾ മാറ്റാൻ നിർബന്ധിക്കുന്നതോ കണ്ടിട്ടില്ലെന്ന് അക്ഷയ് വീഡിയോയിൽ വ്യക്തമാക്കുന്നു.

കോളേജ് മെസ്സിലായാലും പുറത്തായാലും ഭക്ഷണം തിരഞ്ഞെടുക്കുന്നത് വ്യക്തിയുടെ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഹിന്ദുക്കളും മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും സൗഹാർദ്ദപരമായും പരസ്പര ബഹുമാനത്തോടെയും ജീവിക്കുന്ന കേരളമാണ് താൻ കണ്ടിട്ടുള്ളതെന്നും അക്ഷയ് രാജ് ഉറപ്പിച്ചുപറഞ്ഞു. ഇതാണ് കേരളത്തിലെ യാഥാർത്ഥ്യമെന്നും അദ്ദേഹം വീഡിയോയിൽ അടിവരയിട്ടു. അക്ഷയ് രാജിന്റെ ഈ സത്യസന്ധമായ വെളിപ്പെടുത്തലിന് നിരവധിപേർ അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *