കേരളത്തിലെ കുട്ടികളില്‍ ഡിജിറ്റല്‍ ആസക്തി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ചോറ്റാനിക്കരയിലെ പതിനാറുകാരിയുടെ മരണം ഉള്‍പ്പെടെയുള്ള സമീപ ദിവസങ്ങളില്‍ കേരളത്തില്‍ ഉണ്ടായ സംഭവങ്ങള്‍ കുട്ടികളുടെ മാനസികാവസ്ഥയില്‍ വന്ന മാറ്റത്തിന്റെ പ്രകടമായ ഉദാഹരണമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കുട്ടികളില്‍ ഡിജിറ്റല്‍ ആസക്തിയുടെ ഞെട്ടിക്കുന്ന തോത് വ്യക്തമാക്കുന്നതാണ് ഇതിനായി ചികിത്സ തേടുന്നവരുടെ എണ്ണം. ഡിജിറ്റല്‍ ആസക്തി കുട്ടികളെ സാമ്പത്തിക തട്ടിപ്പിലേക്കും ചൂഷണങ്ങളിലേക്കും എത്തിക്കുന്നു എന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്.

കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഇടയിലെ ഡിജിറ്റല്‍ ആസക്തി പരിഹരിക്കുന്നതിനായി കേരള പൊലീസ് ആരംഭിച്ച ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ (D-DAD) സെന്ററുകളില്‍ 2,309 കുട്ടികള്‍ ഓണ്‍ലൈന്‍, ഗാഡ്ജെറ്റ് ആസക്തിയുമായി ബന്ധപ്പെട്ട് കൗണ്‍സിലിങ്ങിന് വിധേയരായിട്ടുണ്ട്. 2026 ജനുവരി 19 വരെയുള്ള കണക്കുകളാണ് ഇത്. ജില്ല തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കൊല്ലത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് (591), കോഴിക്കോട് (411), തൃശൂര്‍ (381), കൊച്ചി (300) എന്നിങ്ങനെയാണ് ആദ്യ കണക്കുകള്‍.എന്നാല്‍, ഈ വിവരങ്ങള്‍ യഥാര്‍ത്ഥ കേസുകളിലേക്കുള്ള ആദ്യ പടിമാത്രമാണെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. D-DAD കേന്ദ്രങ്ങളില്‍ എത്തിയ കേസുകള്‍ മാത്രമാണിത്. സ്‌കൂളുകളില്‍ നിന്നുള്‍പ്പെടെ പ്രൊഫഷണല്‍ സൈക്കോളജിസ്റ്റുകള്‍ക്ക് നേരിട്ട് റഫര്‍ ചെയ്യപ്പെടുന്നതും, ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നതുമായ നിരവധി സംഭവങ്ങള്‍ ഉണ്ടാകാമെനന്നും സോഷ്യല്‍ പൊലീസിങ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.ഡി-ഡിഎഡി കേന്ദ്രങ്ങള്‍ കൈകാര്യം ചെയ്ത കേസുകളില്‍ 1,306 എണ്ണം വിജയകരമായി പരിഹരിച്ചതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഡി-ഡിഎഡി കേന്ദ്രങ്ങളെ സമീപിച്ച ആണ്‍കുട്ടികള്‍ വീഡിയോ, ഓണ്‍ലൈന്‍ ഗെയിമുകളുടെ ആകര്‍ഷണ വലയത്തില്‍ കുടുങ്ങിയവരായിരുന്നു. പെണ്‍കുട്ടികൡ വലിയൊരു വിഭാഗം ചാറ്റുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും കൂടുതല്‍ ഏര്‍പ്പെടുന്നതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചികിത്സ പൂര്‍ത്തിയാക്കിയവരില്‍ പലരും വീണ്ടും സമാനമായ രീതികളിലേക്ക് നീങ്ങുന്ന സാഹചര്യവും ഉണ്ടകുന്നതായും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.

ഡി-ഡിഎഡി കേന്ദ്രങ്ങളെ സമീപിക്കുന്ന നിരവധി കുട്ടികളില്‍ ഭൂരിഭാഗവും കടുത്ത വൈകാരിക പ്രശ്‌നങ്ങള്‍ നേരിടുന്നവരായിരുന്ന എന്ന് സ്റ്റുഡന്റ്-പൊലീസ് കേഡറ്റ് സംരംഭം ഉള്‍പ്പെടെയുള്ള സോഷ്യല്‍ പൊലീസിംഗ് പ്രോഗ്രാമുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനായ സൂരജ് കുമാര്‍ പറഞ്ഞു. ശരിയായ കൗണ്‍സിലിങ്ങിലൂടെ , സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നിരവധി കേസുകള്‍ പരിഹരിക്കാനും കുട്ടികളെ ഡിജിറ്റല്‍ ആസക്തി കുറയ്ക്കാനും കഴിഞ്ഞിട്ടുണ്ട്. തുടക്കത്തില്‍ ഡി-ഡിഎഡി സെന്ററുകള്‍ക്ക് വലിയ സ്വീകാര്യത ഉണ്ടായിരുന്നില്ലെങ്കിലും, ഇപ്പോള്‍ രക്ഷിതാക്കളും പൊതുജനങ്ങളും അവയുടെ പ്രാധാന്യം കൂടുതലായി തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

ഡിജിറ്റല്‍ ആസക്തിയെയില്‍ നിന്നും കുട്ടികളെ മോചിപ്പിക്കാന്‍ ക്ലിനിക്കല്‍ കൗണ്‍സിലിങ്ങിന് ഒപ്പം രക്ഷിതാക്കളുടെ പിന്തുണയും അനിവാര്യമാണെന്ന് കൊച്ചി ആസ്ഥാനമായുള്ള സീനിയര്‍ കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റായ പ്രണവ് എം എസ് പറഞ്ഞു. കുട്ടികള്‍ പലപ്പോഴും ചെറിയ വിമര്‍ശനങ്ങള്‍ പോലും സഹിക്കാന്‍ കഴിയാത്തവരായിക്കഴിഞ്ഞു. ശക്തമായ രക്ഷാകര്‍തൃ, അധ്യാപക പിന്തുണ, ആശയവിനിമയം, നൈപുണ്യ വികസനം, പ്രശ്‌നപരിഹാര കഴിവുകള്‍ എന്നിവ ഡിജിറ്റല്‍ ആസക്തിയെ മറികടക്കാന്‍ അവരെ സഹായിക്കും, പാഠ്യപദ്ധതിയില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളും അത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വഴികളും കുടുതലായി ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും പ്രണവ് ചൂണ്ടിക്കാട്ടുന്നു. പൊലീസിന്റെ നേതൃത്വത്തിലുള്ള കൗണ്‍സിലിങ് സംരംഭങ്ങള്‍ പ്രശംസനീയമാണെങ്കിലും, ഫലപ്രദമായ നടപടികള്‍ക്കായി കേസുകള്‍ മെച്ചപ്പെട്ട ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളിലേക്ക് എത്തേണ്ടതുണ്ടെന്നും ഈ മേഖലയിലെ പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *