മൂന്നാര്‍ മേഖലയില്‍ സ്ഥിര സാന്നിധ്യമായ കാട്ടുകൊമ്പന്‍ പടയപ്പ മദപ്പാടിലെന്നാണ് വനംവകുപ്പ്. ജനവാസ മേഖലയില്‍ ഇറങ്ങി നാശം വിതയ്ക്കുന്ന കാട്ടാനയാണ് പടയപ്പ. ആന നിലവില്‍ മദപ്പാടിലായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു. മൂന്നാറിന് സമീപം ഗൂഡാര്‍വിള എസ്റ്റേറ്റ് നെറ്റിക്കുടി ഡിവിഷനിലാണ് നിലവില്‍ പടയപ്പയുള്ളത്.

ജനവാസ കേന്ദ്രങ്ങളിലെ സ്ഥിരം സാന്നിധ്യമെങ്കിലും ശാന്തസ്വഭാവമാണ് പടയപ്പയ്ക്കുള്ളത്. എന്നാല്‍ മദപ്പാട് കാലത്ത് ആക്രമാസക്തനാകാനുള്ള സാഹചര്യം അധികമാണെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഒരാഴ്ച്ചയായി വിനോദ സഞ്ചാര കേന്ദ്രമായ മാട്ടുപ്പെട്ടിയില്‍ കറങ്ങി നടക്കുകയായിരുന്നു പടയപ്പ. മൂന്ന് ദിവസം മുമ്പാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വനത്തിനുള്ളില്‍ പടയപ്പയെ കണ്ടത്. തുടര്‍ന്ന് ആര്‍ആര്‍ടിയുടെ രണ്ട് ടീമും വെറ്ററിനറി ഡോക്ടറും പടയപ്പയെ നിരീക്ഷിച്ച് വരികയാണ്.

അക്രമാസക്തനാകാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങളും വാഹനങ്ങളും ആനയില്‍ നിന്ന് അകലം പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു. ആനയുടെ അടുത്തേക്ക് പോകാനോ ചിത്രങ്ങള്‍ പകര്‍ത്താനോ പാടില്ല. സഞ്ചാരികള്‍ ആനയെ കണ്ടാല്‍ വാഹനങ്ങളില്‍ ഉച്ചത്തില്‍ പാട്ടുവെച്ചും ഹോണ്‍ മുഴക്കിയും പ്രകോപിപ്പിക്കരുതെന്നും ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മൂന്നാര്‍ റെയിഞ്ച് ഓഫിസര്‍ എസ്. ബിജു അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *