കൈ നിറയെ ചിത്രങ്ങളാണ് ഈ വാരാന്ത്യത്തിലും അടുത്ത വാരത്തിലും ഒടിടിയിൽ പ്രേക്ഷകരെ കാത്തിരിക്കുന്നത്. അതിൽ തിയറ്ററുകളിൽ നിങ്ങൾ മിസ് ചെയ്ത ചിത്രങ്ങളുമുണ്ട്. ഷാരുഖാന്റെ മകൻ ആര്യൻ ഖാന്റെ സംവിധാന അരങ്ങേറ്റമായ ദ് ബാഡ്സ് ഓഫ് ബോളിവുഡ് എന്ന സീരിസും ഈ ആഴ്ച നിങ്ങൾക്ക് മുന്നിലെത്തിയിട്ടുണ്ട്. അപ്പോൾ സിനിമകളും സീരിസുകളുമൊക്കെ കണ്ട് ഈ വാരാന്ത്യം ആഘോഷമാക്കി കൊള്ളൂ. ഈ ആഴ്ചയിലെ പുത്തൻ ഒടിടി റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കാം.
നടൻ ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന വെബ് സീരിസ് ആണ് ദ് ബാഡ്സ് ഓഫ് ബോളിവുഡ്. ഈ മാസം 18 മുതൽ സീരിസ് സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫ്ലിക്സിലൂടെയാണ് സീരിസ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. ബോളിവുഡ് സിനിമാ ലോകത്തെ സംഭവങ്ങളെ ആസ്പദമാക്കിയാണ് സീരിസ് ഒരുക്കിയിരിക്കുന്നത്. ബോബി ഡിയോൾ, ലക്ഷ്യ, രാഘവ്, സഹീർ എന്നിവരാണ് സീരിസിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
നടന്‍ ഇര്‍ഷാദ് അലി, സംവിധായകന്‍ എംഎ നിഷാദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കെ സതീഷ് കഥയെഴുതി സംവിധാനം ചെയ്ത ‘റ്റു മെന്‍’ ഒടിടിയിൽ എത്തി. ദുബായിൽ ആണ് ചിത്രത്തിന്റെ തൊണ്ണൂറു ശതമാനവും ചിത്രീകരിച്ചത്. 2022ൽ റിലീസിനെത്തിയ ചിത്രം മൂന്നു വർഷങ്ങൾക്കിപ്പുറമാണ് ഒടിടിയിലേക്ക് എത്തിയിരിക്കുന്നത്. മനോരമ മാക്സിലൂടെയാണ് ചിത്രം ഒടിടിയിലെത്തിയിരിക്കുന്നത്.
മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലെത്തിയ ഹൃദയപൂർവം തിയറ്ററുകളിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 50 കോടിയിലധികം ചിത്രം തിയറ്ററുകളിൽ കളക്ട് ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക. സെപ്റ്റംബർ 26 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
ആസിഫ് അലി നായകനായെത്തി തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രമാണ് സർക്കീട്ട്. മികച്ച പ്രതികരണം നേടിയിട്ടും കളക്ഷനിൽ വലിയ നേട്ടം കാഴ്ചവയ്ക്കാൻ ചിത്രത്തിനായില്ല. സെപ്റ്റംബർ 26 മുതൽ ഒടിടി റിലീസിനൊരുങ്ങുകയാണ് തമർ സംവിധാനം ചെയ്ത സർക്കീട്ട്. മനോരമ മാക്സിലൂടെയാണ് ചിത്രമെത്തുക.
അശ്വിൻ കുമാർ സംവിധാനം ചെയ്ത അനിമേ മൂവിയാണ് മഹാവതാർ നരസിംഹ. ഇന്ത്യയിലെ ഏറ്റവും വലിയ ബജറ്റിലൊരുക്കിയ അനിമേ മൂവി കൂടിയാണിത്. വിഷ്ണു പുരാണം, നരസിംഹ പുരാണം എന്നിവയെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ജൂലൈയിൽ തിയറ്ററുകളിലെത്തിയ ചിത്രം ബോക്സോഫീസിൽ പരാജയമായി മാറിയിരുന്നു. നെറ്റ്ഫ്ലിക്സിലൂടെ ചിത്രമിപ്പോൾ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം കാണാനാകും.
രോഹിത് നര, ശ്രീദേവി വിജയകുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് സുന്ദരകാണ്ഡ. ഓഗസ്റ്റിൽ തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണവും നേടിയിരുന്നു. ഇപ്പോഴിതാ ഒടിടിയിലേക്കും ചിത്രമെത്തുകയാണ്. സെപ്റ്റംബർ 23 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീം ചെയ്യും.
അനുഷ്‍ക ഷെട്ടിയെ നായികയാക്കി കൃഷ് ജഗർലമുഡി സംവിധാനം ചെയ്ത ചിത്രമാണ് ഘാട്ടി. വൻ ഹൈപ്പോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയതെങ്കിലും ബോക്സോഫീസിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ചിത്രത്തിനായില്ല. ഇന്ത്യയിൽ നിന്ന് ആകെ ഏഴ് കോടി മാത്രമേ ചിത്രത്തിന് നേടാൻ കഴിഞ്ഞുള്ളൂ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനെത്തുകയാണ്. ആമസോണ്‍ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം ഒടിടിയില്‍ എത്തുക. ഒക്ടോബര്‍ രണ്ട് മുതലാണ് സ്‍ട്രീമിങ് ആരംഭിക്കുക.
അർജുൻ അശോകൻ നായകനായെത്തിയ ചിത്രമാണ് സുമതി വളവ്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. അർജുനെ കൂടാതെ ബാലു വർഗീസ്, ഗോകുൽ സുരേഷ്, സൈജു കുറുപ്പ്, ശിവദ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ഈ മാസം 26 മുതൽ ചിത്രം ഒടിടിയിലെത്തുകയാണ്. സീ 5 ലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക.
ഫഹദ് ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഓടും കുതിര ചാടും കുതിര. അൽത്താഫ് സലിം സംവിധാനം ചെയ്ത ചിത്രം ഓണം റിലീസ് ആയാണ് തിയറ്ററുകളിലെത്തിയത്. എന്നാൽ ചിത്രം തിയറ്ററുകളിൽ പരാജയം ഏറ്റുവാങ്ങി. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഈ മാസം 26 ന് സ്ട്രീം ചെയ്ത് തുടങ്ങും.

