ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സെലിബ്രിറ്റി ദമ്പതിമാരാണ് വിരാട് കോലിയും അനുഷ്കാ ശർമയും. ഒരാൾ ക്രിക്കറ്റിലെ സൂപ്പർ താരമാണെങ്കിൽ മറ്റേയാൾ ബോളിവുഡിലെ താരറാണിയാണ്. ‘വിരുഷ്ക’ എന്ന ഓമനപ്പേരിലാണ് ഇവർ അറിയപ്പെടുന്നത്. കോലിയുടെ മത്സരങ്ങൾ കാണാനായി എത്തുന്ന അനുഷ്കയും മത്സരത്തിന് ശേഷമുള്ള ഇവരുടെ സ്നേഹപ്രകടനവുമെല്ലാം പലപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്.
ഇപ്പോഴിതാ ഇരുവരേയും കുറിച്ചുള്ള മറ്റൊരു രസകരമായ സംഭവമാണ് വാർത്തയായിരിക്കുന്നത്. ന്യൂസിലാൻഡിലെ ഒരു കഫേയിലുണ്ടായ ഈ സംഭവം പങ്കുവെച്ചത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരമായ ജെമീമാ റോഡ്രിഗസാണ്. മാഷബിൾ ഇന്ത്യയുടെ യൂട്യൂബ് ചാനലിലെ ദി ബോംബെ ജേണി എന്ന പരിപാടിയിലാണ് ജെമീമ ഇക്കാര്യം വെളിപ്പെടുത്തിയത്.
വിരാടിനും അനുഷ്കയ്ക്കുമൊപ്പം ജെമീമയും മറ്റൊരു ഇന്ത്യൻ ക്രിക്കറ്റ് താരമായ സ്മൃതി മന്ദാനയും ന്യൂസിലാൻഡിലെ കഫേയിലുണ്ടായിരുന്നു. നാലുപേരും സമയം പോകുന്നത് അറിയാതെ സംസാരത്തിൽ മുഴുകിയിരുന്നു. മണിക്കൂറുകളോളമാണ് സംസാരം നീണ്ടതെന്ന് ജെമീമ പറയുന്നു. അവസാനം കഫേയിലെ ജീവനക്കാർ നാലുപേരോടുമായി പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ടുവെന്നും ജെമീമ പറഞ്ഞു.
‘ഒരിക്കൽ ന്യൂസിലാൻഡിൽ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകൾ ഒരേ ഹോട്ടലിലാണ് താമസിച്ചത്. ബാറ്റിങ്ങിനെ കുറിച്ച് നമുക്ക് അൽപ്പം സംസാരിച്ചാലോ എന്ന് സ്മൃതിയും ഞാനും വിരാടിനോട് ചോദിച്ചു. അദ്ദേഹം സമ്മതം മൂളി. അങ്ങനെ ഞങ്ങൾ അവിടെയുള്ള കഫേയിൽ പോയിരുന്നു. അനുഷ്കയും അവിടെ ഉണ്ടായിരുന്നു.’ -ജെമീമ പറഞ്ഞു.
‘ആദ്യത്തെ അരമണിക്കൂർ ഞങ്ങൾ ക്രിക്കറ്റിനെ കുറിച്ചാണ് സംസാരിച്ചത്. ‘നിങ്ങൾക്ക് രണ്ടുപേർക്കും വനിതാ ക്രിക്കറ്റിനെ മാറ്റിമറിക്കാനുള്ള കരുത്തുണ്ട്, ആ മാറ്റം ഞാൻ കാണുന്നുണ്ട്’ എന്ന് എന്നോടും സ്മൃതിയോടുമായി അദ്ദേഹം പറഞ്ഞു. അതിനുശേഷം ഞങ്ങൾ ജീവിതത്തെ കുറിച്ച് സംസാരിച്ചു. വേർപിരിഞ്ഞുപോയ സുഹൃത്തുക്കൾ ഒരുപാട് കാലത്തിന് ശേഷം കണ്ടുമുട്ടിയപ്പോൾ സംസാരിക്കുന്നത് പോലെയാണ് ഞങ്ങളുടെ സംസാരം എനിക്ക് തോന്നിയത്.’
‘നാല് മണിക്കൂർ സമയമാണ് ഞങ്ങൾ എന്തെല്ലാമോ സംസാരിച്ചിരുന്നത്. അവസാനം കഫേ ജീവനക്കാർ ഞങ്ങളെ പുറത്താക്കുകയായിരുന്നു. 11:30 ആയി, കഫേ അടയ്ക്കാൻ പോകുകയാണ് എന്ന് പറഞ്ഞാണ് അവർ ഞങ്ങളോട് പുറത്ത് പോകാൻ ആവശ്യപ്പെട്ടത്.’ -ജെമീമാ റോഡ്രിഗസ് ഓർത്തെടുത്തു.

