സൗഹൃദത്തില്‍ നിന്ന് പിന്‍മാറിയെന്ന വിരോധത്തില്‍ യുവാവ് യുവതിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. പാലക്കാട് നെന്മാറ വലതലയിലാണ് അക്രമം നടന്നത്. സതീഷ് കുമാര്‍, ശ്രുതി എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് ഡ്രൈവര്‍ മേലാര്‍കോട് കൂളിയാട് ഗിരീഷിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു.

നാലുവര്‍ഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. വിദേശത്തായിരുന്ന ഇവര്‍ നാട്ടില്‍ തിരിച്ചെത്തിയതറിഞ്ഞ് വിവാഹാഭ്യര്‍ഥന നടത്തിയ പ്രതിയോടു താല്‍പര്യമില്ലെന്നു പറഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ തുടര്‍ന്നും യുവതിയെ ഫോണിലൂടെ നിരന്തരം വിളിച്ചു ശല്യം ചെയ്തിരുന്നതായി ഇവര്‍ പരാതിപ്പെട്ടു.

വിവാഹത്തിനു വഴങ്ങാതെ വന്നതോടെ ഇന്നലെ ഉച്ചയ്ക്ക് 2ന് നീളമുള്ള കത്തിയുമായി വീട്ടില്‍ അതിക്രമിച്ചു കയറി ബെഡ്‌റൂമില്‍ ഉണ്ടായിരുന്ന യുവതിയെ ആക്രമിച്ചതായും തടയാനെത്തിയ അച്ഛനെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. യുവതിയുടെ കയ്യിലും മുതുകിലും അച്ഛന്റെ കൈവിരലിലും നെറ്റിയിലുമാണു പരിക്ക്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാലുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *