ജീവിതത്തില്‍ ആദ്യമായി, സന്തോഷം കൊണ്ട് എന്റെ കണ്ണുനിറഞ്ഞു. സഹോദരിയുടെ കുഞ്ഞിനെ ചേര്‍ത്തു പിടിച്ച് അഹാന. ദിയയുടെ കുഞ്ഞിനെ കൈകളില്‍ എടുത്തു കൊണ്ടുള്ള തന്റെ ചിത്രം പങ്കിട്ടു കൊണ്ടാണ് സഹോദരിയുടെ കുറിപ്പ്. നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ താരവുമായ ദിയ കൃഷ്ണ കഴിഞ്ഞ ദിവസമാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇപ്പോഴിതാ തങ്ങളുടെ കുടുംബത്തിലെ പുതിയ അംഗത്തെക്കുറിച്ചുള്ള നടി അഹാന കൃഷ്ണയുടെ കുറിപ്പ് ശ്രദ്ധ നേടുകയാണ്.
നിയോം അശ്വിന്‍ കൃഷ്ണ എന്നാണ് ദിയയുടേയും അശ്വിന്റേയും കുഞ്ഞിന്റെ പേര്. തനിക്ക് സന്തോഷം കൊണ്ട് കണ്ണുനിറയുന്ന അവസ്ഥ ഒരിക്കലും അനുഭവിക്കാന്‍ സാധിക്കില്ലെന്നാണ് കരുതിയത്. എന്നാല്‍ ജീവിതത്തില്‍ ആദ്യമായി സന്തോഷം കൊണ്ട് തന്റെ കണ്ണുനിറഞ്ഞുവെന്നാണ് അഹാന പറയുന്നത്. കണ്ണീരെന്നാല്‍ എനിക്ക് ഇതുവരേയും സങ്കടത്തിന്റേയും ദേഷ്യത്തിന്റേയും ഭാവമാണ്. ഇന്നലെ ജൂലൈ 5ന് 7.16 ന് എന്റെ സഹോദരി അവളുടെ മകന് ജന്മം നല്‍കി. അവന്‍ ഈ ലോകത്തേക്ക് വരുന്നത് ഞാന്‍ കണ്ടു.
മനുഷ്യന്റെ ജനനം എന്ന മാജിക്കലും സര്‍റിയലുമായ അത്ഭുതം ഞാന്‍ കണ്ടു. പുതിയൊരാള്‍ക്കു കൂടി എന്റെ ജീവിതം പങ്കിടാന്‍ സാധിക്കില്ലെന്ന് കരുതി നില്‍ക്കവെയാണ് നിയോം ഞങ്ങളുടെ ജീവിതത്തിലേക്ക് വരുന്നതും എന്നെ പലവിധത്തില്‍ അത്ഭുതപ്പെടുത്തുന്നതും. ജീവിതത്തില്‍ ആദ്യമായി, സന്തോഷം കൊണ്ട് എന്റെ കണ്ണുനിറഞ്ഞു. ഇവന്റെ കുഞ്ഞ് കാല്‍പാദങ്ങളും മണവും ചുണ്ടുകളും കണ്ണുകളുകളുമെല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്. വരും വര്‍ഷങ്ങളില്‍ ഇവനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇഷ്ടപ്പെടാന്‍ ഞാന്‍ കാത്തിരിക്കുന്നു. നിയോ, ഞങ്ങളുടെ ഓമി, എത്തിയിരിക്കുന്നു.” അഹാന പറയുന്നു.
ഇതിനിടെ ദിയയുടെ പുതിയ വ്‌ളോഗും ശ്രദ്ധ നേടുന്നുണ്ട്. കുഞ്ഞിന്റെ ജനനവും മറ്റു വിശേഷങ്ങളുമാണ് വീഡിയോയിലുള്ളത്. പേര് നിയോം എന്നാണെങ്കിലും ഓസിയുടെ മകനെ തങ്ങള്‍ വീട്ടില്‍ വിളിക്കുക ഓമി എന്നായിരിക്കുമെന്നാണ് അമ്മ സിന്ധു കൃഷ്ണ വീഡിയോയില്‍ പറയുന്നത്. ദിയ കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍ സന്തോഷം കൊണ്ട് കണ്ണ് നിറയുന്ന അഹാനയെ വീഡിയോയില്‍ കാണാം. കുഞ്ഞ് തന്നെപ്പോലെയാണെന്നും മുടി അശ്വിന്റേത് പോലെയാണെന്നും ദിയ പറയുന്നുണ്ട്. അതേസമയം തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷം ദിയയെ കല്യാണം കഴിച്ചത്. അതിന് ശേഷം ഇതാണെന്നാണ് അശ്വിന്‍ പറയുന്നത്.
നിരവധി പേരാണ് ദിയയ്ക്കും അശ്വിനും കുടുംബത്തിനും ആശംസകളുമായി എത്തുന്നത്. സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് ദിയയും അശ്വിനും. കൃഷ്ണകുമാറിന്റെ മകള്‍, അഹാനയുടെ സഹോദരി എന്നതിനെല്ലാം ഉപരിയായി സോഷ്യല്‍ മീഡിയ ലോകത്ത് സ്വന്തമായൊരു ഇടവും ആരാധകരേയും കണ്ടെത്താന്‍ ദിയയ്ക്ക് സാധിച്ചിട്ടുണ്ട്. ദിയയുടെ വീഡിയോകളിലൂടെയാണ് അശ്വിനെ സോഷ്യല്‍ മീഡിയ പരിചയപ്പെടുന്നത്. ഇന്ന് സോഷ്യല്‍ മീഡിയ ലോകത്തെ താരദമ്പതിമാരാണ് ഇരുവരും. കുഞ്ഞ് ജനിച്ചതോടെ ഇനി അച്ഛനേക്കാളും അമ്മയേക്കാളും വലിയ താരമാവുക മകനായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.