കോട്ടയം: അച്ഛനെ കൊന്ന കേസിൽ പ്രതിയായ യുവാവ് ജാമ്യത്തിലിറങ്ങി മകനെയും പിക്കപ്പ് വാനിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിന് അറസ്റ്റിൽ. അകലക്കുന്നം മറ്റക്കര ആലെക്കുന്നേൽ ശ്രീജിത്ത് (28) ആണ് പിടിയിലായത്.
കഴിഞ്ഞ വ്യാഴാഴ്ച സ്കൂൾ വിട്ടുവരുന്നതിനിടെയായിരുന്നു സംഭവം. ഉച്ചയ്ക്കുശേഷം സ്കൂളിൽനിന്നും വീട്ടിലേക്ക് വരുന്നതിനിടെ കുട്ടിയെ പിന്നിൽനിന്നും വാനോടിച്ചുവന്ന് ഇടിച്ചുവീഴ്ത്താൻ ശ്രമിക്കുകയായിരുന്നു. കുട്ടി ഓടിമാറിയതിനാൽ രക്ഷപ്പെട്ടു.
2024-ൽ പ്രതി കുട്ടിയുടെ അച്ഛനെ മർദിച്ചു കൊലപ്പെടുത്തിയതിന് അറസ്റ്റിലായിരുന്നു. റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയാണ് കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. അറസ്റ്റുചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.