ഇന്ത്യന്‍ ക്രിക്കറ്റ് താരം സഞ്ജു സാംസണുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ചതിന് മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്തിന് കാരണം കാണിക്കല്‍ നോട്ടീസുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ). കേരള ക്രിക്കറ്റ് ലീഗില്‍ (കെസിഎല്‍) കൊല്ലം സെയ്ലേഴ്‌സ് ടീമിന്റെ സഹ ഉടമ എന്ന നിലയില്‍ ശ്രീശാന്ത് ചട്ടലംഘനം നടത്തിയെന്നാണ് നോട്ടീസിലുള്ളത്. വിഷയത്തില്‍ ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നും നോട്ടീസില്‍ നിര്‍ദ്ദേശമുണ്ട്.

ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് സഞ്ജുവിനെ തഴഞ്ഞതിനു പിന്നില്‍ കെസിഎയ്ക്കും പങ്കുണ്ടെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍നിന്ന് സഞ്ജുവിനെ ഒഴിവാക്കിയതാണ് ചാംപ്യന്‍സ് ട്രോഫി ടീമില്‍ ഇടം ലഭിക്കാത്തതിനു കാരണമെന്നായിരുന്നു വിമര്‍ശനം. ഇതിനിടെയാണ് സഞ്ജുവിനെ പിന്തുണച്ച് ശ്രീശാന്ത് രംഗത്തെത്തുന്നത്. കേരളത്തില്‍ നിന്നുള്ള രാജ്യാന്തര താരമെന്ന നിലയില്‍ സഞ്ജുവിനെ പിന്തുണയ്ക്കണമെന്നും ക്രൂശിക്കരുതെന്നുമായിരുന്നു ശ്രീശാന്തിന്റെ അഭ്യര്‍ഥന.

കെസിഎല്‍ ടീമിന്റെ സഹ ഉടമ എന്ന നിലയില്‍ കെസിഎയുമായി കരാറുള്ള ശ്രീശാന്തിന്റെ ഇത്തരം പ്രതികരണങ്ങള്‍ അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തിയാണ് താരത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. പൊതുസമൂഹത്തിനു മുന്നില്‍ കെസിഎയുടെ പ്രതിച്ഛായ ഇടിക്കുന്നതാണ് പരാമര്‍ശങ്ങളെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *