കുട്ടിക്കാലത്ത് സ്കൂളിൽ പഠിക്കുമ്പോഴുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞ് നടൻ പ്രശാന്ത് അലക്സാണ്ടർ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പത്താം ക്ലാസിലെ ചേട്ടന്മാരിൽ നിന്നാണ് മോശം അനുഭവമുണ്ടായത്. അത് തനിക്ക് വലിയ ട്രോമമായി എന്നാണ് പ്രശാന്ത് പറയുന്നത്.

ചെറുപ്പത്തിൽ ഞാൻ നല്ല തടിയനായിരുന്നു. പരീക്ഷയ്ക്ക് വേറെ ക്ലാസുകളിലാണല്ലോ ഇരിക്കുക. സീനിയേഴ്സിന്റെ കൂടെയാണ് പരീക്ഷയ്ക്ക് ഇരിക്കുന്നത്. പത്താം ക്ലാസിലെ രണ്ടു ചേട്ടന്മാരുടെ ഇടയിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ഞാനും. എനിക്ക് നല്ല വണ്ണമുണ്ടായിരുന്നു. ഈ ചേട്ടന്മാരുടെ ഒരു തമാശ, എന്നെ കാണുമ്പോൾ എന്റെ മാറിൽ കയറിപ്പിടിക്കും. വണ്ണമുള്ളവരെ കാണുമ്പോഴുള്ള ഒരു രസം. ആദ്യത്തെ ദിവസം ഇവർ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലായില്ല. വീട്ടിൽ അമ്മാച്ചന്മാർ സ്നേഹത്തോടെ കെട്ടിപ്പിടിക്കുന്ന പോലെ, ഇവർക്ക് എന്നോട് ഇത്രമാത്രം സ്നേഹം തോന്നാൻ മുൻപരിചയം ഒന്നുമില്ലല്ലോ. വേദനിച്ചു തുടങ്ങിയപ്പോഴാണ് ഇത് സ്നേഹമല്ലെന്നും അവർ എന്തോ തമാശ കാണിക്കുന്ന പോലെ ചെയ്യുന്നതാണെന്നും മനസിലാക്കുന്നത്. അവർ അതിൽ സന്തോഷം കണ്ടെത്തുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ, എനിക്ക് പരീക്ഷ എഴുതാൻ പേടിയായി. ആ ക്ലാസിലേക്ക് പരീക്ഷ എഴുതാൻ പോകണമല്ലോ എന്ന പേടി! നിങ്ങൾക്കു വേണമെങ്കിൽ ചോദിക്കാം, ടീച്ചർമാരോട് പരാതി പറഞ്ഞുകൂടെ എന്ന്.

എന്റെ ആ മാനസികാവസ്ഥയിൽ ഞാൻ ടീച്ചേഴ്സ് റൂമിന്റെ അടുത്തു വരെ നടക്കും. പക്ഷേ, ഞാൻ ആലോചിക്കുന്നത് വേറെ ചില കാര്യങ്ങളാണ്. ടീച്ചർ ഇനി ഇക്കാര്യം അവരോട് ചോദിച്ചിട്ട്, അവർ പിന്നീട് എന്നെ എന്തെങ്കിലും ചെയ്താലോ? ക്ലാസിലും സ്കൂളിലും അല്ലേ ടീച്ചർക്ക് എന്നെ സംരക്ഷിക്കാൻ കഴിയൂ. പുറത്തോ? അതുകൊണ്ട്, ഞാൻ അത് ചിരിച്ച് ‘വിട് ചേട്ടാ’ എന്നൊക്കെ പറഞ്ഞ് സഹിക്കും. പക്ഷേ, ഇത് എനിക്കൊരു ട്രോമ തന്നിട്ടുണ്ട്. അതിനെ അതിജീവിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാകും ഞാൻ ചിലപ്പോൾ ഒരു സീനിയറെ തല്ലിയിട്ടുണ്ടാകുക, ഒരു ഗ്യാങ്ങിനെ ഉണ്ടാക്കിയിട്ടുണ്ടാവുക. ഞാൻ ദുർബലനല്ല എന്നു കാണിക്കാൻ ശ്രമിച്ചു ശ്രമിച്ചാണ് ഞാൻ ആ സ്കൂളിലെ ലീ‍ഡർ ആയത്. – പ്രശാന്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *