ന്യൂഡൽഹി: നെതർലൻഡ്സ് ബൗളർമാരെ അക്ഷരാർഥത്തിൽ കശാപ്പ് ചെയ്ത് ഓസീസ് സൂപ്പർ ഹീറോ ഗ്ലെൻ മാക്‌സ്‍വെല്‍. ഡച്ച് ടീമിനെതിരേ 40 പന്തിൽ നിന്ന് 100 തികച്ച താരം ലോകകപ്പിലെ അതിവേഗ സെഞ്ചുറിയെന്ന റെക്കോഡ് സ്വന്തം പേരിലാക്കി.

നെതർലാന്റ്‌സ് ബൗളർമാരെ നിലം തൊടീക്കാതെ തുടരെ അതിർത്തി കടത്തിയ മാക്‌സ്‍വെല്‍ ബാസ് ഡി ലീഡിന്റെ 49ാം ഓവറിൽ മാത്രം അടിച്ചെടുത്തത് മൂന്ന് സിക്‌സും മൂന്ന് ഫോറും. ഒടുക്കം വാൻബീക്കിന് വിക്കറ്റ് നൽകി മടങ്ങുമ്പോൾ ഓസീസിന്‍റെ സൂപ്പര്‍ ഹീറോ സ്‌കോർബോർഡിൽ ചേർത്തത് 106 റൺസ്. പിറന്നത് എട്ട് സിക്‌സുകളും ഒമ്പത് ഫോറും. അക്ഷരാർത്ഥത്തിൽ വെടിക്കെട്ട്.

തുടക്കത്തിൽ തന്നെ മിച്ചൽ മാർഷിനെ നഷ്ടപെട്ട ശേഷമാണ് ഓസ്ട്രേലിയ മേധാവിത്വം പുലർത്തിയത്. ഡേവിഡ് വാർണർ തൻ്റെ തുടർച്ചയായ രണ്ടാം സെഞ്ചുറി നേടിയപ്പോൾ സ്റ്റീവ് സ്മിത്ത് ഈ ലോകകപ്പിലെ തൻ്റെ ആദ്യ ഫിഫ്റ്റി നേടി. സ്റ്റീവ് സ്മിത്ത് 68 പന്തിൽ 71 റൺസും വാർണർ 93 പന്തിൽ 104 റൺസും നേടി പുറത്തായി.

ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 399 റൺസ് അടിച്ചുകൂട്ടി.