ധരംശാല: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചാം ജയം തേടി ടീം ഇന്ത്യ ഇന്നിറങ്ങും. എതിരാളികളാകട്ടെ ടൂര്‍ണമെന്‍റിൽ തോൽവി അറിയാതെ മുന്നേറുന്ന ന്യൂസിലൻഡും. ഇതുവരെ കളിച്ച നാല് മത്സരങ്ങളിലും ഇരു ടീമുകളും വിജയിച്ചു. അതായത് ഇന്ന് നടക്കുന്നത് ആദ്യ രണ്ട് സ്ഥാനക്കാർ തമ്മിലുള്ള കടുത്ത പോരാട്ടമാണ്.

ഹിമാചല്‍പ്രദേശിലെ ധരംശാലയിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുക. ഇന്ന് ന്യൂസിലന്‍ഡിനെതിരെ വിജയിച്ചാല്‍ ഇന്ത്യക്ക് പോയിന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്താം.
സൗഹൃദമനസ്സുള്ളവരും സൗമ്യരുമാണെങ്കിലും കിവീസ് എന്നു വിളിപ്പേരുള്ള ന്യൂസീലൻഡിനോളം ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യ പേടിക്കുന്ന മറ്റൊരു ടീമില്ല. കഴിഞ്ഞ ഏകദിന ലോകകപ്പ് സെമിഫൈനലിലെ തോൽവിയുടെ സങ്കടം ഇന്ത്യൻ ആരാധകരെ വിട്ടുമാറിയിട്ടുമില്ല.

ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ രണ്ട് മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു. പരിക്കേറ്റ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവമാണ് ടീമിന് വലിയ ആശങ്ക. പാണ്ഡ്യക്ക് പകരം മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവും പേസര്‍ ഷര്‍ദ്ദുല്‍ താക്കൂറിന് പകരം മുഹമ്മദ് ഷമിയും കളിച്ചേക്കും. എന്നാല്‍ ഇന്നലെ പരിശീലനത്തിനിടെ സൂര്യക്ക് പരിക്കേറ്റത് നേരിയ ആശങ്കയാണ്. പരിക്ക് ഗൗരവമുളളതല്ല എന്നാണ് ടീം വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പേസര്‍മാര്‍ക്ക് മുന്‍തൂക്കമുള്ള പിച്ചാണ് ധരംശാലയിലേത്. ഈ ലോകകപ്പിന്‍റെ വേദികളില്‍ ഏറ്റവും കൂടുതല്‍ സ്വിങ്ങുള്ള പിച്ചാണ് ധരംശാല. അതേസമയം ധരംശാലയിലെ ഔട്ട്‌ഫീല്‍ഡിന് നിലവാരം പോരെന്നും താരങ്ങള്‍ക്ക് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള വിമര്‍ശനം ശക്തമാണ്.