ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിമൂന്നാം പിറന്നാൾ. ഇക്കുറി പിറന്നാള്‍ ആഘോഷത്തിനൊപ്പം പ്രധാനമന്ത്രി കസേരയില്‍ നരേന്ദ്ര മോദിക്ക് മൂന്നാമൂഴമാണ് ബിജെപി ലക്ഷ്യമിടുന്നത്.പ്രിയ നേതാവിന്റെ പിറന്നാളിനോടനുബന്ധിച്ച് വിപുലമായ ആഘോഷങ്ങളാണ് ബിജെപി നേതൃത്വവും അണികളും സംഘടിപ്പിച്ചിരിക്കുന്നത്.
കരകൗശല തൊഴിലാളികള്‍ക്കൊപ്പം ചെലവഴിച്ചും വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുമാണ് പ്രധാനമന്ത്രി ജന്മദിനം ആഘോഷമാക്കിയത്. പിഎം വിശ്വകര്‍മ പദ്ധതി ഉദ്ഘാടനം ചെയ്തു. യശോഭൂമി കണ്‍വന്‍ഷന്‍ സെന്‍റര്‍ രാജ്യത്തിന് സമര്‍പ്പിച്ചു. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഭരണ പ്രതിപക്ഷ നിരയിലെ നേതാക്കളും അടക്കം പ്രമുഖര്‍ മോദിക്ക് ജന്മദിന ആശംസ അറിയിച്ചു.
ഡല്‍ഹി എയര്‍പോര്‍ട്ട് മെട്രോ എക്സ്പ്രസിന്‍റെ പുതിയ പാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ട്രെയിനില്‍ യാത്ര നടത്തി. ദ്വാരക സെക്ടര്‍ 25ല്‍ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയായ യശോ ഭൂമി കണ്‍വന്‍ഷന്‍ സെന്‍ററിന്‍റെ ഉദ്ഘാടനത്തിനെതിയ മോദി കരകൗശല തൊഴിലാളികളുമായി ആശയവിനിമയം നടത്തി. വിശ്വകര്‍മ ജയന്തി ആഘോഷത്തില്‍ പങ്കാളിയായി. 4,400 കോടി രൂപ ചെലവില്‍ 73,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയില്‍ ഒരുക്കിയ യശോ ഭൂമി കണ്‍വന്‍ഷന്‍ സെന്‍റര്‍ രാജ്യത്തിന് സമര്‍പ്പിച്ചു. ഒാഡിറ്റോറിയം ഉള്‍പ്പെടെ 15 കണ്‍വന്‍ഷന്‍ മുറികള്‍, ഗ്രാന്‍ഡ് ബോള്‍ റൂം, 11,000 ആളുകളെ ഉള്‍ക്കൊള്ളാവുന്ന 13 മീറ്റിങ് റൂമുകള്‍ എന്നിവ യശോഭൂമിയിലുണ്ട്. പരമ്പരാഗത കരകൗശല വിദഗ്ധര്‍ക്കും ശില്‍പികള്‍ക്കും സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിനും വിപണി കണ്ടെത്തുന്നതിനും ലക്ഷ്യമിട്ട് രൂപം കൊടുത്ത പിഎം വിശ്വകര്‍മ പദ്ധതിക്ക് തുടക്കം കുറിച്ചു. 13,000 കോടി രൂപയുടേതാണ് പദ്ധതി. കേന്ദ്രമന്ത്രിമാര്‍ വിവിധ സംസ്ഥാനങ്ങളില്‍ ഇതിന്‍റെ ഭാഗമായ പരിപാടികളില്‍ പങ്കെടുത്തു.
നരേന്ദ്ര മോദിയുടെ ജന്മസ്ഥലമായ ഗുജറാത്തിൽ ഇന്ന് തുടങ്ങി ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ട് വരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്.മോദിയുടെ ജന്മദിനത്തില്‍ സേവന, ശുചീകരണ, പ്രചാരണ പരിപാടികള്‍ ബിജെപി സംഘടിപ്പിച്ചിട്ടുണ്ട്.
നമോ ആപ്ലിക്കേഷൻ വഴി പ്രധാനമന്ത്രിക്ക് വീഡിയോ ആശംസകൾ അറിയിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്.റീല്‍സ് മാതൃകയില്‍ ഷൂട്ട് ചെയ്‌ത വീഡിയോകളാണ് നമോയില്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയുക. പ്രധാനമന്ത്രിയുടെ ജന്‍മദിനത്തില്‍ ബിജെപി ആരംഭിച്ചിരിക്കുന്ന ഈ ക്യംപയിന്‍റെ പേര് ‘എക്‌സ്‌പ്രസ് യുവര്‍ സേവാ ഭാവ്’ എന്നാണ്. നമോ ആപ്പില്‍ ലോഗിന്‍ ചെയ്‌ത ശേഷം വേണം പ്രധാനമന്ത്രിക്ക് ആശംസ കൈമാറാന്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്‍മദിനത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ആശംസാ പ്രവാഹമായിരുന്നു. ഇത്തവണ ഇത് വ്യത്യസ്തമാക്കുന്നതിന്‍റെ ഭാഗമായാണ് വീഡിയോ ആശംസാ ക്യംപയിനുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്. https://nm-4.com/VideoShubhkaamna എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ നമോ ആപ്പില്‍ പ്രവേശിക്കാം. നമോ ആപ്പില്‍ പ്രവേശിച്ച ശേഷം വീഡിയോ ശുഭ്‌കാമ്‌ന (Video Shubhkaamna) എന്നെഴുതിയിരിക്കുന്ന ബാനറില്‍ ആദ്യം ക്ലിക്ക് ചെയ്യുക. തുറന്നുവരുന്ന വെബ് പേജില്‍ അപ്‌ലോഡ് വീഡിയോ ഓപ്‌ഷന്‍ തെരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് തല്‍സമയം ആശംസാ വീഡിയോ റെക്കോര്‍ഡ് ചെയ്യാനായി വീഡിയോ ക്യാമറ ഇപ്പോള്‍ ഓപ്പണായി വരും. വീഡിയോ ഷൂട്ട് ചെയ്‌ത ശേഷം നെക്‌സ്റ്റ് ഓപ്‌ഷന്‍ തെരഞ്ഞെടുക്കുക.
തുറന്നുവരുന്ന പേജില്‍ കാണുന്ന കാറ്റഗറി ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്ത ശേഷം വീഡിയോ ഗ്രീറ്റിംഗ് കാറ്റഗറി തെരഞ്ഞെടുത്ത് പോസ്റ്റ് വീഡിയോ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ വീഡിയോ അപ്‌ലോഡ് ആവും. ഇനി കാണുന്ന പേജില്‍ വീഡിയോ വാള്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്‌താല്‍ ലക്ഷക്കണക്കിനാളുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേര്‍ന്ന വീഡിയോ ആശംസകള്‍ കാണാനാകും. ഈ വീഡിയോകള്‍ ലൈക്ക് ചെയ്യാനും കമന്‍റ് ചെയ്യാനും ഷെയര്‍ ചെയ്യാനുമുള്ള അവസരമുണ്ട്.
ഇതിന് പുറമെ ഇ-കാര്‍ഡ് വഴി പ്രധാനമന്ത്രിക്ക് ആശംകള്‍ നേരാനുള്ള അവസരവുമുണ്ട്. നമോ ആപ്പിലെ ഫാമിലി ഇ-കാര്‍ഡ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് ആശംസാ കാര്‍ഡുകള്‍ പ്രധാനമന്ത്രിക്ക് അയക്കാം. സമാനമായി മറ്റനേകം ജന്‍മദിനാഘോഷ പരിപാടികളിലും പൊതുജനങ്ങള്‍ക്ക് നമോ ആപ് വഴി പങ്കുചേരാം.