കൊച്ചി: കാമുകിയെപേടിപ്പിക്കാൻ ട്രാൻസ്ഫോർമറിന് മുകളിൽ കയറിയ കാമുകൻ പൊള്ളലേറ്റ് ആശുപത്രിയിൽ. ബ്രഹ്മപുരം സ്വദേശിയെയാണ് പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞദിവസം പുലർച്ചെ 2.30ന് കിഴക്കമ്പലം ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം. തർക്കത്തിന് ഒടുവിൽ കാമുകിയെ പേടിപ്പിക്കാനാണ് യുവാവ് ട്രാൻസ്ഫോർമറിൽ കയറിയത്. മുകളിൽ കയറി ലൈനിൽ പിടിക്കാൻ ശ്രമിച്ചപ്പോൾ ഷോക്കേറ്റ് തെറിച്ചുവീഴുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
വലിയ ശബ്ദത്തോടെ ലൈനിൽനിന്ന് പൊട്ടിത്തെറി ഉണ്ടാകുകയും ലൈൻ ഓഫാകുകയും ചെയ്തു. പൊട്ടിത്തെറി ശബ്ദം കേട്ട് തൊട്ടടുത്തുള്ള കെഎസ്ഇബി ഓഫീസിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനായ വിജയബാബു ഉടൻതന്നെ യുവാവിന് പ്രഥമശുശ്രൂഷ നൽകി. പെട്ടെന്നുതന്നെ ലൈൻ ഓഫായതിനാലാണ് ജീവൻ തിരിച്ചുകിട്ടിയതെന്ന് കെഎസ്ഇബി ജീവനക്കാർ പറഞ്ഞു.
കെഎസ്ഇബിയുടെ ജീപ്പിൽതന്നെ പഴങ്ങനാട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൈകൾക്കും കഴുത്തിനുതാഴെയും അരയ്ക്കുമുകളിലും പൊള്ളലേറ്റിട്ടുണ്ട്.